[1] യഹോവയുടെ കൈ എന്റെ മേൽ വന്ന്, യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ച്, താഴ്വരയുടെ നടുവിൽ നിർത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
[2] അവിടുന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി; തുറസ്സായ താഴ്വരയിൽ അവ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
[3] അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ” എന്നു ചോദിച്ചു; അതിന് ഞാൻ: “യഹോവയായ കർത്താവേ, അങ്ങ് അറിയുന്നു” എന്നുത്തരം പറഞ്ഞു.
[4] അവിടുന്ന് എന്നോട് കല്പിച്ചത്: “നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: “ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുവിൻ!
[5] യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും.
[6] ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ച് മാംസം പിടിപ്പിച്ച് നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞ് നിങ്ങൾ ജീവിക്കേണ്ടതിന് നിങ്ങളിലേക്ക് ശ്വാസം അയയ്ക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
[7] എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.
[8] പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.
[9] അപ്പോൾ അവിടുന്ന് എന്നോട് കല്പിച്ചത്: “ശ്വാസത്തോട് പ്രവചിക്കുക; മനുഷ്യപുത്രാ, നീ പ്രവചിച്ച് കാറ്റിനോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാല് കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെ മേൽ ഊതുക”.
[10] അവിടുന്ന് എന്നോട് കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.
[11] പിന്നെ അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹം മുഴുവനും ആകുന്നു; ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശക്കു ഭംഗം വന്ന്, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു’ എന്ന് അവർ പറയുന്നു.
[12] അതുകൊണ്ട് നീ പ്രവചിച്ച് അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
[13] അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്ന് നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
[14] നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്റെ ശ്വാസത്തെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്ത് പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും’ എന്ന് യഹോവയുടെ അരുളപ്പാട്”.
[15] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
[16] മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേൽ: ‘യെഹൂദയ്ക്കും അവനോട് ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും’ എന്ന് എഴുതിവയ്ക്കുക; പിന്നെ മറ്റൊരു വടി എടുത്ത് അതിന്മേൽ: ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും’ എന്ന് എഴുതിവയ്ക്കുക.
[17] പിന്നെ നീ അവയെ ഒരു വടിയായി ഒന്നോടൊന്നു ചേർക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
[18] ‘ഇതിന്റെ അർത്ഥം എന്തെന്ന് നീ ഞങ്ങളെ അറിയിക്കുകയില്ലയോ’ എന്ന് നിന്റെ സ്വജാതിക്കാർ നിന്നോട് ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടത്:
[19] ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്റെ വടിയും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദയുടെ വടിയോടു തന്നെ, ചേർത്ത് ഒരു വടിയാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.’
[20] നീ എഴുതിയ വടികൾ അവരുടെ കൺമുമ്പിൽ നിന്റെ കയ്യിൽ ഇരിക്കണം.
[21] പിന്നെ നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് കൂട്ടി എല്ലാഭാഗത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.
[22] ഞാൻ അവരെ ദേശത്ത്, യിസ്രായേൽ പർവ്വതങ്ങളിൽ തന്നെ, ഏകജനതയാക്കും; ഒരു രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജനതയായിരിക്കുകയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.
[23] അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും അവരെ സ്വയം മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്ന് ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.
[24] എന്റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്ന് എന്റെ ചട്ടങ്ങളെ പ്രമാണിച്ച് അനുഷ്ഠിക്കും.
[25] എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ വസിച്ചിരുന്നതും ആയ ദേശത്ത് അവർ വസിക്കും; അവരും, മക്കളും, മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും.
[26] ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമം ആയിരിക്കും; ഞാൻ അവരെ സ്ഥിരപ്പെടുത്തി, വർദ്ധിപ്പിച്ച് അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
[27] എന്റെ നിവാസം അവരോടുകൂടി ആയിരിക്കും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.
[28] എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്ന് ജനതകൾ അറിയും.