Skip to content
Opens in a new window
Listen to this chapter • 5:49

[1] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ;

[2] “മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പ്രവചിച്ച് പറയേണ്ടത്: ‘ഞാൻ ഒരു ദേശത്തിന്റെ നേരെ വാൾ വരുത്തുമ്പോൾ, ആ ദേശത്തിലെ ജനം അവരുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്ത് കാവല്ക്കാരനായിവച്ചാൽ,

[3] ദേശത്തിന്റെ നേരെ വാൾ വരുന്നത് കണ്ടിട്ട് അവൻ കാഹളം ഊതി ജനത്തെ ഓർമ്മപ്പെടുത്തുമ്പോൾ,

[4] ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാൽ, വാൾ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്റെ രക്തം അവന്റെ തലമേൽ തന്നെ ഇരിക്കും.

[5] അവൻ കാഹളനാദം കേട്ടിട്ട് മുൻകരുതൽ എടുക്കാതെയിരുന്നതിനാൽ അവന്റെ രക്തം അവന്റെമേൽ ഇരിക്കും; മുൻകരുതൽ എടുത്തിരുന്നുവെങ്കിൽ അവൻ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു.

[6] എന്നാൽ കാവല്ക്കാരൻ വാൾ വരുന്നത് കണ്ട് കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ട്, വാൾ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുവനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവൻ തന്റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും, അവന്റെ രക്തം ഞാൻ കാവല്ക്കാരനോടു ചോദിക്കും.

[7] അതുപോലെ മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു, നീ എന്റെ വായിൽനിന്നു വചനം കേട്ട് എന്റെ നാമത്തിൽ അവരെ ഓർമ്മപ്പെടുത്തണം.

[8] ഞാൻ ദുഷ്ടനോട്: ‘ദുഷ്ടാ, നീ മരിക്കും’ എന്ന് കല്പിക്കുമ്പോൾ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയുവാൻ തക്കവിധം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ ദുഷ്ടൻ തന്റെ അകൃത്യം നിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോട് ചോദിക്കും.

[9] എന്നാൽ ദുഷ്ടൻ തന്റെ വഴി വിട്ടുതിരിയേണ്ടതിന് നീ അവനെ ഓർമ്മപ്പെടുത്തിയിട്ടും, അവൻ തന്റെ വഴി വിട്ടുതിരിയാതെയിരുന്നാൽ, അവൻ തന്റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.

[10] അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: ‘ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങൾ ക്ഷയിച്ചുപോകുന്നു; ഞങ്ങൾ എങ്ങനെ ജീവിച്ചിരിക്കും’ എന്ന് നിങ്ങൾ പറയുന്നു.

[11] എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ ആകുന്നു എനിക്ക് ഇഷ്ടമുള്ളത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; “തിരിയുവിൻ, നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുവിൻ; യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിന് മരിക്കുന്നു” എന്ന് അവരോടു പറയുക.

[12] “മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടത് ‘നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കുകയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയുമില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന് തന്റെ നീതിയാൽ ജീവിക്കുവാൻ കഴിയുകയുമില്ല.

[13] നീതിമാൻ ജീവിക്കുമെന്ന് ഞാൻ അവനോട് പറയുമ്പോൾ, അവൻ സ്വന്ത നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവനു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.

[14] എന്നാൽ ഞാൻ ദുഷ്ടനോട്: ‘നീ മരിക്കും’ എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുകയും,

[15] പണയം തിരികെ കൊടുക്കുകയും, അപഹരിച്ചതു മടക്കിക്കൊടുക്കുകയും, നീതികേട് ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കുകയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.

[16] അവൻ ചെയ്ത പാപം ഒന്നും അവനോട് കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.

[17] എന്നാൽ നിന്റെ സ്വജാതിക്കാർ: ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് പറയുന്നു; അവരുടെ വഴിയത്രേ ന്യായമല്ലാത്തതായിരിക്കുന്നത്.

[18] നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നെ മരിക്കും.

[19] എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.

[20] എന്നിട്ടും ‘കർത്താവിന്റെ വഴി ന്യായമുള്ളതല്ല’ എന്ന് നിങ്ങൾ പറയുന്നു; യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും”.

[21] ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽ നിന്നു രക്ഷപെട്ട ഒരുവൻ എന്റെ അടുക്കൽ വന്നു: “നഗരം പിടിക്കപ്പെട്ടുപോയി” എന്നു പറഞ്ഞു.

[22] രക്ഷപെട്ടവൻ വരുന്നതിന്റെ തലേദിവസം വൈകുന്നേരം യഹോവയുടെ കൈ എന്റെ മേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ട് ഞാൻ പിന്നെ മൗനമായിരുന്നില്ല.

[23] യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ,

[24] യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ വസിക്കുന്നവർ: ‘അബ്രാഹാം ഏകനായിരിക്കെ അവന് ദേശം അവകാശമായി ലഭിച്ചു; ഞങ്ങൾ പലരാകുന്നു; ഈ ദേശം ഞങ്ങൾക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്നു’ എന്നു പറയുന്നു.

[25] അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മാംസം രക്തത്തോടുകൂടി തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു;

[26] നിങ്ങൾ ദേശം കൈവശമാക്കുമോ? നിങ്ങൾ നിങ്ങളുടെ വാളിൽ ആശ്രയിക്കുകയും മ്ലേച്ഛത പ്രവർത്തിക്കുകയും ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങൾ ദേശം കൈവശമാക്കുമോ?”

[27] നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ വാൾകൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാൻ മൃഗങ്ങൾക്ക് ഇരയായി കൊടുക്കും; കോട്ടകളിലും ഗുഹകളിലും ഉള്ളവരോ പകർച്ചവ്യാധിയാൽ മരിക്കും.

[28] ഞാൻ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്റെ ബലത്തിന്റെ പ്രതാപം നിന്നുപോകും; ആരും വഴിനടക്കാത്തവണ്ണം യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിത്തീരും.

[29] അവർ ചെയ്ത സകലമ്ലേച്ഛതകളും നിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും.

[30] മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്‍ക്കലും വച്ച് നിന്നെക്കുറിച്ച് സംഭാഷിച്ച്: ‘യഹോവയിൽ നിന്നുണ്ടായ അരുളപ്പാട് എന്തെന്ന് വന്നു കേൾക്കുവിൻ’ എന്ന് തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്റെ സഹോദരനോടും പറയുന്നു.

[31] സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്ന് എന്റെ ജനമായിട്ട് നിന്റെ മുമ്പിൽ ഇരുന്ന് നിന്റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു.

[32] നീ അവർക്ക് മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുവന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങൾ കേൾക്കുന്നു; അനുസരിക്കുന്നില്ലതാനും.

[33] എന്നാൽ അത് സംഭവിക്കുമ്പോൾ - ഇതാ, അത് വരുന്നു - അവരുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. എന്ന് അവർ അറിയും”.

യെഹെസ്കേൽ — Chapters