Skip to content
Opens in a new window
Listen to this chapter • 5:06

[1] യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:

[2] “‘അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു’ എന്ന് നിങ്ങൾ യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ല് പറയുന്നത് എന്ത്?

[3] എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ല് പറയുവാൻ ഇടവരുകയില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[4] സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.

[5] എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ -

[6] പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുകയോ യിസ്രായേൽ ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവർത്തിക്കുകയോ ചെയ്യാതെ

[7] കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുകയും ആരോടും പിടിച്ചുപറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും

[8] പലിശയ്ക്കു കൊടുക്കുകയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കുകയും നീതികേട് ചെയ്യാത്തവണ്ണം കൈ മടക്കിക്കൊള്ളുകയും മനുഷ്യർ തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കുകയും

[9] എന്റെ ചട്ടങ്ങൾ അനുസരിക്കുകയും എന്റെ ന്യായങ്ങൾ പ്രമാണിക്കുകയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവൻ നീതിമാൻ - അവൻ നിശ്ചയമായി ജീവിച്ചിരിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[10] എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട്, അവൻ അക്രമിയായിത്തീരുകയോ രക്തം ചൊരിയുകയോ,

[11] ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക, പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുക,

[12] കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്യുക, പിടിച്ചുപറിക്കുക, പണയം മടക്കിക്കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക,

[13] മ്ലേച്ഛത പ്രവർത്തിക്കുക, പലിശയ്ക്കു കൊടുക്കുക, ലാഭം വാങ്ങുക എന്നിവ പ്രവർത്തിക്കുകയോ ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കുകയില്ല; അവൻ ഈ മ്ലേച്ഛതകളെല്ലാം ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെമേൽ വരും.

[14] എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ തന്റെ അപ്പൻ ചെയ്ത സകലപാപങ്ങളും കണ്ട് ഭയന്ന് അങ്ങനെയുള്ളത് ചെയ്യാതെ പർവ്വതങ്ങളിൽവച്ച് ഭക്ഷണം കഴിക്കുക,

[15] യിസ്രായേൽ ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക,

[16] ആരോടെങ്കിലും അന്യായം ചെയ്യുക, പണയം കൈവശം വച്ചുകൊണ്ടിരിക്കുക, പിടിച്ചുപറിക്കുക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവനു അപ്പം കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും

[17] നീതികേട് ചെയ്യാതെ തന്റെ കൈ പിൻവലിക്കുകയും പലിശയും ലാഭവും വാങ്ങാതിരിക്കുകയും എന്റെ വിധികൾ നടത്തി, എന്റെ ചട്ടങ്ങൾ അനുസരിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ അപ്പന്റെ അകൃത്യം നിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.

[18] അവന്റെ അപ്പനോ കഠിനമായി കഷ്ടപ്പെടുത്തി, സഹോദരനോട് പിടിച്ചുപറിച്ച്, തന്റെ ജനത്തിന്റെ ഇടയിൽ കൊള്ളരുതാത്തത് പ്രവർത്തിച്ചതുകൊണ്ട് തന്റെ അകൃത്യത്താൽ മരിക്കും.

[19] എന്നാൽ ‘മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടതല്ലയോ’ എന്ന് നിങ്ങൾ ചോദിക്കുന്നു; മകൻ നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ ചട്ടങ്ങൾ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കും.

[20] പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.

[21] എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകലപാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ചട്ടങ്ങളൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.

[22] അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നും അവന് കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.

[23] ദുഷ്ടന്റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താത്പര്യം ഉണ്ടോ? അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണം എന്നല്ലയോ എന്റെ താത്പര്യം” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

[24] എന്നാൽ നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിച്ച്, ദുഷ്ടൻ ചെയ്യുന്ന സകലമ്ലേച്ഛതകളും ചെയ്യുന്നു എങ്കിൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവൻ ചെയ്ത ദ്രോഹത്താലും അവൻ ചെയ്ത പാപത്താലും അവൻ മരിക്കും”.

[25] “എന്നാൽ നിങ്ങൾ: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല’ എന്ന് പറയുന്നു; യിസ്രായേൽ ഗൃഹമേ, കേൾക്കുവിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

[26] നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞ് നീതികേട് പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതുനിമിത്തം മരിക്കും; അവൻ ചെയ്ത നീതികേടുനിമിത്തം തന്നെ അവൻ മരിക്കും.

[27] ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നത്താൻ ജീവനോടെ രക്ഷിക്കും.

[28] അവൻ ഓർത്ത്, താൻ ചെയ്ത അതിക്രമങ്ങളൊക്കെയും വിട്ടുതിരിയുകകൊണ്ട്, അവൻ മരിക്കാതെ ജീവിച്ചിരിക്കും

[29] എന്നാൽ യിസ്രായേൽഗൃഹം: ‘കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല’ എന്ന് പറയുന്നു; യിസ്രായേൽ ഗൃഹമേ, എന്റെ വഴികൾ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?

[30] അതുകൊണ്ട് യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായംവിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്: “അകൃത്യം നിങ്ങൾക്ക് നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങൾ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളെല്ലാം വിട്ടുതിരിയുവിൻ.

[31] നിങ്ങൾ ചെയ്തിരിക്കുന്ന അതിക്രമങ്ങൾ സകലവും നിങ്ങളിൽനിന്ന് എറിഞ്ഞുകളയുവിൻ; നിങ്ങൾക്ക് ഒരു പുതിയ ഹൃദയത്തെയും പുതിയ ആത്മാവിനെയും സമ്പാദിച്ചുകൊള്ളുവിൻ; യിസ്രായേൽ ഗൃഹമേ നിങ്ങൾ എന്തിന് മരിക്കുന്നു?

[32] മരിക്കുന്നവന്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.

യെഹെസ്കേൽ — Chapters