Skip to content
Opens in a new window
Listen to this chapter • 6:25

[1] യിസ്രായേലേ, കേൾക്കുക; നീ ഇന്ന് യോർദ്ദാൻ നദി കടന്ന് നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും

[2] വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജനതയെയും ജയിച്ചടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ? ‘അനാക്യരുടെ മുമ്പിൽ നില്ക്കുവാൻ കഴിയുന്നവൻ ആര്?’ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.

[3] എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്ക് മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊള്ളുക. അവൻ അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളയുകയും ക്ഷണത്തിൽ നശിപ്പിക്കുകയും ചെയ്യും.

[4] നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞശേഷം: ‘എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു’ എന്ന് നിന്റെ ഹൃദയത്തിൽ പറയരുത്; ആ ജനതയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.

[5] നീ അവരുടെ ദേശം കൈവശമാക്കുവാൻ ചെല്ലുന്നത് നിന്റെ നീതിയും ഹൃദയപരമാർത്ഥതയും നിമിത്തം അല്ല; ആ ജനതയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്റെ പിതാക്കന്മാരോട് യഹോവ സത്യംചെയ്ത വചനം നിവർത്തിക്കേണ്ടതിനും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നത്.

[6] ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് ആ നല്ലദേശം അവകാശമായി തരുന്നത് നിന്റെ നീതിനിമിത്തം അല്ലെന്ന് അറിഞ്ഞുകൊള്ളുക; നീ ദുശ്ശാഠ്യമുള്ള ജനമല്ലയോ;

[7] നീ മരുഭൂമിയിൽവച്ച് നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓർക്കുക; മറന്നുകളയരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ട നാൾമുതൽ ഈ സ്ഥലത്ത് വന്നതുവരെ നിങ്ങൾ യഹോവയോട് മത്സരിക്കുന്നവരായിരുന്നു.

[8] ഹോരേബിലും നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ട് നിങ്ങളെ നശിപ്പിച്ചുകളയുവാൻ തോന്നും വിധം യഹോവ നിങ്ങളോട് കോപിച്ചു.

[9] യഹോവ നിങ്ങളോട് ചെയ്ത നിയമം എഴുതിയ കല്പലകകൾ വാങ്ങുവാൻ ഞാൻ പർവ്വതത്തിൽ കയറി, നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.

[10] ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലകകൾ യഹോവ എന്റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽവച്ച് അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത സകലവചനങ്ങളും അവയിൽ എഴുതിയിരുന്നു.

[11] നാല്പതുരാവും നാല്പതുപകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കൽ നിയമം എഴുതിയ ആ രണ്ട് കല്പലകകൾ തന്നത്.

[12] അപ്പോൾ യഹോവ എന്നോട്: “നീ എഴുന്നേറ്റ് ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാൻ അവരോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.

[13] ഈ ജനത ദുശ്ശാഠ്യമുള്ളവർ എന്ന് ഞാൻ കാണുന്നു;

[14] “എന്നെ വിടുക; ഞാൻ അവരെ നശിപ്പിച്ച് അവരുടെ പേര് ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും; നിന്നെ അവരെക്കാൾ ബലവും വലിപ്പവുമുള്ള ജനതയാക്കും” എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.

[15] അങ്ങനെ ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; പർവ്വതത്തിൽ അഗ്നി ആളിക്കത്തുകയായിരുന്നു; നിയമത്തിന്റെ രണ്ട് പലകകളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.

[16] ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്ത് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി, യഹോവ നിങ്ങളോട് കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നത് കണ്ടു.

[17] അപ്പോൾ ഞാൻ രണ്ടു പലകകളും എന്റെ കയ്യിൽനിന്ന് നിങ്ങൾ കാൺകെ എറിഞ്ഞ് ഉടച്ചുകളഞ്ഞു.

[18] പിന്നെ യഹോവയെ കോപിപ്പിക്കുവാൻ തക്കവണ്ണം നിങ്ങൾ അവന് അനിഷ്ടമായി പ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാൻ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും വീണ് കിടന്നു; ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.

[19] നിങ്ങളെ നശിപ്പിക്കുമാറ് നിങ്ങളുടെനേരെ ജ്വലിച്ച യഹോവയുടെ കോപവും ക്രോധവും കണ്ട് ഞാൻ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.

[20] അഹരോനെ നശിപ്പിക്കുവാൻ തക്കവണ്ണം അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാൻ അന്ന് അഹരോനുവേണ്ടിയും അപേക്ഷിച്ചു.

[21] നിങ്ങൾ ഉണ്ടാക്കിയ, നിങ്ങൾക്ക് പാപകാരണമായ, കാളക്കുട്ടിയെ ഞാൻ എടുത്ത് തീയിൽ ഇട്ട് ചുട്ട് നന്നായി അരച്ച് നേരിയ പൊടിയാക്കി, ആ പൊടി പർവ്വതത്തിൽനിന്ന് പുറപ്പെടുന്ന തോട്ടിൽ വിതറി.

[22] തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ച് നിങ്ങൾ യഹോവയെ കോപിപ്പിച്ചു.

[23] ‘നിങ്ങൾ ചെന്ന് ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ദേശം കൈവശമാക്കുവിൻ’ എന്ന് കല്പിച്ച് യഹോവ നിങ്ങളെ കാദേശ്ബർന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോട് മറുത്തുനിന്നു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്ക് അനുസരിച്ചതുമില്ല.

[24] ഞാൻ നിങ്ങളെ അറിഞ്ഞ നാൾമുതൽ നിങ്ങൾ യഹോവയോട് മത്സരിച്ചിരിക്കുന്നു.

[25] യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ട് ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പത് രാവും നാല്പത് പകലും വീണുകിടന്നു;

[26] ഞാൻ യഹോവയോട് അപേക്ഷിച്ചുപറഞ്ഞത്: ‘കർത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ട് നീ വീണ്ടെടുത്ത് ബലമുള്ള കയ്യാൽ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.

[27] അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ നിന്റെ ദാസന്മാരെ ഓർക്കണമേ; താൻ അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിക്കുവാൻ യഹോവയ്ക്ക് കഴിയായ്കകൊണ്ടും അവൻ അവരെ പകച്ചതു കൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ച് കൊന്നുകളഞ്ഞു എന്ന് നീ ഞങ്ങളെ വിടുവിച്ച് കൊണ്ടുപോന്ന ദേശക്കാർ പറയാതിരിക്കുവാൻ

[28] ഈ ജനത്തിന്റെ ശാഠ്യവും അകൃത്യവും പാപവും നോക്കരുതേ.

[29] അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ച് കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലയോ?”.

ആവർത്തനപുസ്തകം — Chapters