Skip to content
Opens in a new window
Listen to this chapter • 3:20

[1] മനുഷ്യർക്ക് തമ്മിൽ വ്യവഹാരം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരുകയും അവരുടെ കാര്യം വിസ്തരിക്കുകയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കുകയും കുറ്റക്കാരനെ കുറ്റം വിധിക്കുകയും വേണം.

[2] കുറ്റക്കാരൻ അടിക്ക് യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കണം.

[3] നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.

[4] കാള, ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്.

[5] സഹോദരന്മാർ ഒന്നിച്ച് വസിക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കണം.

[6] മരിച്ചുപോയ സഹോദരന്റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കുവാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവന്റെ അവകാശിയായി കണക്കാക്കണം.

[7] സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുവാൻ അവന് മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: “എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവന് മനസ്സില്ല” എന്നു പറയണം.

[8] അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോട് സംസാരിക്കണം; എന്നാൽ: “ഇവളെ പരിഗ്രഹിക്കുവാൻ എനിക്ക് മനസ്സില്ല” എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞാൽ

[9] അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്ന്, അവന്റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി: “സഹോദരന്റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും” എന്ന് പ്രത്യുത്തരം പറയണം.

[10] ‘ചെരിപ്പഴിഞ്ഞവന്റെ കുടുംബം’ എന്ന് യിസ്രായേലിൽ അവന്റെ കുടുംബത്തിന് പേര് പറയും.

[11] പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്ന് വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്റെ ലിംഗം പിടിച്ചാൽ

[12] അവളുടെ കൈ വെട്ടിക്കളയണം; അവളോട് കനിവ് തോന്നരുത്.

[13] നിന്റെ സഞ്ചിയിൽ ഒരേ തൂക്കത്തിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.

[14] നിന്റെ വീട്ടിൽ ഒരേ അളവിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പറയും ഉണ്ടാകരുത്.

[15] നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത്, നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ അളവുകൾ നേരുള്ളതും ന്യായവുമായിരിക്കണം; അങ്ങനെ തന്നെ നിന്റെ പറയും ഒത്തതും ന്യായവുമായിരിക്കണം.

[16] ഈ കാര്യങ്ങളിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.

[17] നിങ്ങൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോട് ചെയ്തത്,

[18] അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെനേരെ വന്ന്, നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ, നിന്റെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം ഓർത്തുകൊള്ളുക.

[19] ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്ക് സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയണം; ഇത് മറന്നുപോകരുത്.

ആവർത്തനപുസ്തകം — Chapters