Skip to content
Opens in a new window
Listen to this chapter • 4:20

[1] അക്കാലത്ത് യഹോവ എന്നോട്: “നീ ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവരുക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.

[2] നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം” എന്ന് കല്പിച്ചു.

[3] അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തെപ്പോലെ രണ്ട് കല്പലകകൾ വെട്ടിയെടുത്ത് കയ്യിൽ ആ പലകകളുമായി പർവ്വതത്തിൽ കയറി.

[4] മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത പത്ത് കല്പനകളും യഹോവ ആദ്യത്തെപ്പോലെ പലകകളിൽ എഴുതി, അവ എന്റെ പക്കൽ തന്നു.

[5] അനന്തരം ഞാൻ തിരിഞ്ഞ് പർവ്വതത്തിൽനിന്ന് ഇറങ്ങി; ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകകൾ വച്ചു; യഹോവ എന്നോട് കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.

[6] യിസ്രായേൽ മക്കൾ ബെനേ-ആക്കുവാൻ എന്ന ബേരോത്തിൽനിന്ന് മോസേരയിലേക്ക് യാത്രചെയ്തു. അവിടെവെച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ എലെയാസാർ അവന് പകരം പുരോഹിതനായി.

[7] അവിടെനിന്ന് അവർ ഗുദ്ഗോദയ്ക്കും ഗുദ്ഗോദയിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യൊത്ബാഥയ്ക്കും യാത്രചെയ്തു.

[8] അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപ്പെട്ടകം ചുമക്കുവാനും ഇന്നത്തെപ്പോലെ യഹോവയുടെ സന്നിധിയിൽനിന്ന് ശുശ്രൂഷ ചെയ്യുവാനും അവന്റെ നാമത്തിൽ അനുഗ്രഹിക്കുവാനും വേർതിരിച്ചു.

[9] അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടി ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന് വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്റെ അവകാശം.

[10] ഞാൻ ആദ്യത്തെപ്പോലെ നാല്പത് രാവും നാല്പത് പകലും പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിക്കുവാൻ യഹോവയ്ക്ക് സമ്മതമായി.

[11] പിന്നെ യഹോവ എന്നോട്: “നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് ജനത്തിന് മുമ്പേ നടക്കുക; അവർക്ക് കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം അവർ ചെന്ന് കൈവശമാക്കട്ടെ” എന്ന് കല്പിച്ചു.

[12] ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കുകയും അവനെ സ്നേഹിക്കുകയും, പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ സേവിക്കുകയും

[13] ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മയ്ക്കായി പ്രമാണിക്കുകയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്?

[14] ഇതാ, സ്വർഗ്ഗവും സ്വർഗ്ഗാധിസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.

[15] നിന്റെ പിതാക്കന്മാരോട് മാത്രം യഹോവക്ക് പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നത്തെപ്പോലെ അവൻ സകലജാതികളിലുംവച്ച് തിരഞ്ഞെടുത്തു.

[16] ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയ പരിവര്‍ത്തനം ചെയ്യുവിൻ; ഇനി മേൽ ദുശ്ശാഠ്യമുള്ളവരാകരുത്.

[17] നിങ്ങളുടെ ദൈവമായ യഹോവ ദൈവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലയോ; അവൻ മുഖപക്ഷം കാണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.

[18] അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവന് അന്നവും വസ്ത്രവും നല്കുന്നു.

[19] ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിക്കുവിൻ; നിങ്ങളും ഈജിപ്റ്റ് ദേശത്ത് പരദേശികളായിരുന്നല്ലോ.

[20] നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം; അവനെ സേവിക്കണം; അവനോട് ചേർന്നിരിക്കണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.

[21] അവനാകുന്നു നിന്റെ പുകഴ്ച; അവനാകുന്നു നിന്റെ ദൈവം; നീ സ്വന്ത കണ്ണുകൊണ്ട് കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങൾ നിനക്കുവേണ്ടി ചെയ്തത് അവൻ തന്നെ.

[22] നിന്റെ പൂര്‍വ്വ പിതാക്കന്മാർ എഴുപത് പേരായി ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ വർദ്ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.

ആവർത്തനപുസ്തകം — Chapters