Skip to content
Opens in a new window
Listen to this chapter • 4:12

[1] ഏതെങ്കിലും ന്യൂനതയോ വൈരൂപ്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.

[2] നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ഏതൊരു പട്ടണത്തിലും ദൈവത്തിന് അനിഷ്ടമായത് ചെയ്ത് അവന്റെ നിയമം ലംഘിക്കുകയും

[3] ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ, ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കുകയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന്

[4] നിനക്ക് അറിവു കിട്ടിയാൽ നീ നല്ലവണ്ണം പരിശോധിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ

[5] ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.

[6] മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്.

[7] അവനെ കൊല്ലുന്നതിന് ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിന്റെയും കൈ അവന്റെമേൽ ചെല്ലണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം.

[8] നിന്റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ, വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ, അടികലശലാകട്ടെ, ഇങ്ങനെയുള്ള ആവലാധികാര്യങ്ങളിൽ ഏതെങ്കിലും വിധിപ്പാൻ നിനക്ക് പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം.

[9] ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്റെ അടുക്കലും ചെന്ന് ചോദിക്കണം; അവർ നിനക്ക് വിധി പറഞ്ഞുതരും.

[10] യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യണം; അവർ ഉപദേശിച്ചുതരുന്നതുപോലെ എല്ലാം ചെയ്യുവാൻ ജാഗ്രതയായിരിക്കേണം.

[11] അവർ ഉപദേശിച്ചുതരുന്ന പ്രമാണവും പറഞ്ഞുതരുന്ന വിധിയും അനുസരിച്ച് നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

[12] നിന്റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തുനില്ക്കുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്ക് കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയണം.

[13] ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ട് ഭയപ്പെടണം.

[14] നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നീ ചെന്ന് അത് കൈവശമാക്കി അവിടെ വസിച്ചതിനു ശേഷം: “എന്റെ ചുറ്റമുള്ള സകല ജനതകളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്റെ മേൽ ആക്കും” എന്ന് പറയുമ്പോൾ

[15] നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കണം; നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുവനെ നിന്റെമേൽ രാജാവാക്കണം; നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവാക്കരുത്.

[16] എന്നാൽ അവന് അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്; ‘മേലിൽ ആ വഴിക്ക് തിരിയരുത്’ എന്ന് യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ.

[17] അവന്റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.

[18] അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കണം.

[19] ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്ന് തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കുന്നതിന് അത് അവന്റെ കൈവശം ഇരിക്കുകയും

[20] അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്റെ പുത്രന്മാരും യിസ്രായേലിന്റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്റെ ആയുഷ്ക്കാലം ഒക്കെയും അത് വായിക്കുകയും വേണം.

ആവർത്തനപുസ്തകം — Chapters