Skip to content
Opens in a new window
Listen to this chapter • 3:59

[1] നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മക്കൾ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കുകയോ നിങ്ങൾക്ക് മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.

[2] നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് തനിക്ക് സ്വന്ത ജനമായിരിക്കുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

[3] മ്ലേച്ഛമായതൊന്നിനെയും തിന്നരുത്.

[4] നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവ ആകുന്നു:

[5] കാള, ചെമ്മരിയാട്, കോലാട്, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.

[6] കുളമ്പ് പിളർന്ന് രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങൾക്ക് തിന്നാം.

[7] എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നവയിലും തിന്നരുതാത്തവ ശ്രദ്ധിക്കുക. ഒട്ടകം, മുയൽ, കുഴിമുയൽ, ഇവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നവയല്ല; അവ നിങ്ങൾക്ക് അശുദ്ധം.

[8] പന്നിയുടെ കുളമ്പ് പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങൾക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; ജഡം തൊടുകയും അരുത്.

[9] വെള്ളത്തിൽ ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങൾക്ക് തിന്നാം.

[10] എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങൾക്ക് അശുദ്ധം.

[11] ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങൾക്ക് തിന്നാം.

[12] പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചൻ, ചെമ്പരുന്ത്, കഴുകൻ,

[13] ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, അതതുവിധം പരുന്ത്

[14] അതതുവിധം കാക്ക,

[15] ഒട്ടകപക്ഷി, പുള്ള്, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,

[16] നത്ത്, കൂമൻ, മൂങ്ങാ, വേഴാമ്പൽ,

[17] കുടുമ്മച്ചാത്തൻ, നീർക്കാക്ക,

[18] പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീർ, എന്നിവയാകുന്നു.

[19] ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങൾക്ക് അശുദ്ധം; അവ തിന്നരുത്.

[20] ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങൾക്ക് തിന്നാം.

[21] തനിയെ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്ക് തിന്നുവാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന് വില്‍ക്കാം; നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

[22] ആണ്ടുതോറും നിലത്ത് വിതച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവയ്ക്കണം.

[23] നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാൻ പഠിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധിയിൽവച്ച് തിന്നണം.

[24] നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോൾ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാത്തവണ്ണം വഴി അതിദൂരവുമായിരുന്നാൽ

[25] അത് വിറ്റ് പണമാക്കി പണം കയ്യിൽ എടുത്ത് നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൊണ്ടുപോകണം.

[26] നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ ഏതും ആ പണം കൊടുത്ത് വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് തിന്ന് നീയും നിന്റെ കുടുംബവും സന്തോഷിക്കണം.

[27] നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

[28] മൂന്ന് വർഷം കൂടുമ്പോൾ മൂന്നാം വർഷത്തെ വിളവിന്റെ ദശാംശം വേർതിരിച്ച് നിന്റെ പട്ടണങ്ങളിൽ സൂക്ഷിക്കണം.

[29] നീ ചെയ്യുന്ന സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും, നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്ന് ഭക്ഷിച്ച് തൃപ്തരാകണം.

ആവർത്തനപുസ്തകം — Chapters