Skip to content
Opens in a new window
Listen to this chapter • 5:17

[1] മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത്: “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ.

[2] നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നെ.

[3] എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല.

[4] ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകിയിട്ടും ഇല്ല.

[5] യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.

[6] നിങ്ങൾ ഈ സ്ഥലത്തുവന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻരാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.

[7] എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു.

[8] ആകയാൽ നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടക്കുവിൻ.

[9] ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽ പുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു.

[10] നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നില്ക്കുന്നു.

[11] ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്ന് നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും

[12] യഹോവ ഇന്ന് നിന്നോട് ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവന്റെ സന്നിധിയിൽ നിൽക്കുന്നു”.

[13] ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,

[14] ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു.

[15] നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?

[16] അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്.

[17] ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.

[18] അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.

[19] അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും.

[20] ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും.

[21] നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും.

[22] യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ:

[23] “യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.

[24] ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;

[25] അവർ അറിയുകയോ അവർക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു.

[26] അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.

[27] യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടി അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയുകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.

[28] മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു”.

ആവർത്തനപുസ്തകം — Chapters