[1] അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയിലൂടെ പോയി; അപ്പോൾ ബാശാൻരാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെനേരെ പുറപ്പെട്ട് എദ്രെയിൽവെച്ച് യുദ്ധംചെയ്തു.
[2] അപ്പോൾ യഹോവ എന്നോട്: “അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോനോട് ചെയ്തതുപോലെ നീ അവനോടും ചെയ്യും” എന്ന് കല്പിച്ചു.
[3] അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; ആരും ശേഷിക്കാതെ നാം അവരെ സംഹരിച്ചുകളഞ്ഞു.
[4] അക്കാലത്ത് നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്ന് പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപത് പട്ടണങ്ങളുള്ള അർഗ്ഗോബ് ദേശവും
[5] നാട്ടുമ്പുറങ്ങളിലെ അനവധി ഗ്രാമങ്ങളും പിടിച്ചടക്കി; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.
[6] ഹെശ്ബോൻ രാജാവായ സീഹോനോട് ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണം തോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചു.
[7] എന്നാൽ നാൽക്കാലികൾ ഉൾപ്പെടെ പട്ടണങ്ങളിലെ സമ്പത്തെല്ലാം നാം കൊള്ള ചെയ്തു.
[8] ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടേയും കയ്യിൽനിന്ന് യോർദ്ദാനക്കരെ അർന്നോൻതാഴ്വരതുടങ്ങി ഹെർമ്മോൻപർവ്വതംവരെയുള്ള ദേശവും -
[9] സീദോന്യർ ഹെർമ്മോന് സീര്യോൻ എന്നും അമോര്യർ അതിന് സെനീർ എന്നും പേര് പറയുന്നു -
[10] സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചടക്കി. -
[11] ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ കട്ടിൽ അമ്മോന്യനഗരമായ രെഫയീൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാല് മുഴം വീതിയും ഉണ്ട്. -
[12] ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻതാഴ്വരയുടെ അരികെയുള്ള അരോവേർ എന്ന പട്ടണം മുതൽ ഗിലെയാദ് മലനാടിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.
[13] ഗിലെയാദിന്റെ മറ്റെ പകുതിയും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബ്ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പകുതിഗോത്രത്തിന് കൊടുത്തു. - ബാശാന് മല്ലന്മാരുടെ ദേശം എന്ന് പേര് പറയുന്നു.
[14] മനശ്ശെയുടെ മകനായ യായീർ ഗെശൂര്യരുടെയും മയഖാത്യരുടെയും അതിർവരെ അർഗ്ഗോബ്ദേശം മുഴുവനും പിടിച്ച് തന്റെ പേരിൻ പ്രകാരം ബാശാന് ഹവോത്ത് - യായീർ എന്ന് പേര് ഇട്ടു; ഇന്നുവരെ ആ പേര് നിലനിൽക്കുന്നു. -
[15] മാഖീരിന് ഞാൻ ഗിലെയാദ്‌ദേശം കൊടുത്തു.
[16] രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻതാഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യാബ്ബോക്ക്തോടുവരെയും
[17] കിന്നേരെത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ ഉപ്പുകടൽവരെ അരാബയും യോർദ്ദാൻപ്രദേശവും ഞാൻ കൊടുത്തു.
[18] അക്കാലത്ത് ഞാൻ നിങ്ങളോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകണം
[19] നിങ്ങളുടെ ഭാര്യമാരും മക്കളും ആടുമാടുകളും ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള പട്ടണങ്ങളിൽ വസിക്കട്ടെ; നിങ്ങൾക്ക് ആടുമാടുകൾ വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.
[20] യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നെ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശത്തിലേക്ക് മടങ്ങിപ്പോരണം”.
[21] അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോട് ചെയ്തതൊക്കെയും നീ കണ്ണുകൊണ്ട് കണ്ടുവല്ലോ; നീ കൈവശമാക്കുവാൻ ചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നെ ചെയ്യും.
[22] നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും”.
[23] അക്കാലത്ത് ഞാൻ യഹോവയോട് അപേക്ഷിച്ചു:
[24] “കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്യുവാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
[25] ഞാൻ കടന്നുചെന്ന് യോർദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്ന് കണ്ടുകൊള്ളട്ടെ” എന്ന് പറഞ്ഞു.
[26] എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: “മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്;
[27] പിസ്ഗയുടെ മുകളിൽ കയറി തല ഉയർത്തി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണുക;
[28] ഈ യോർദ്ദാൻ നീ കടക്കുകയില്ല; യോശുവയോട് കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്കുക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടു കൊടുക്കും” എന്ന് അരുളിച്ചെയ്തു.
[29] അങ്ങനെ നാം ബേത്ത്-പെയോരിനെതിരെ താഴ്വരയിൽ പാർത്തു.