Skip to content
Opens in a new window
Listen to this chapter • 3:55

[1] നിങ്ങൾ ജീവിച്ചിരിക്കുകയും വർദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ച് നടക്കണം.

[2] നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.

[3] അവൻ നിന്നെ താഴ്ത്തുകയും വിശപ്പിക്കുകയും ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു’ എന്ന് നിന്നെ ഗ്രഹിപ്പിക്കുന്നതിനും നീയും നിന്റെ പൂര്‍വ്വ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ട് നിന്നെ പോഷിപ്പിക്കുകയും ചെയ്തു.

[4] ഈ നാല്പത് സംവത്സരം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.

[5] ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളണം.

[6] ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കണം.

[7] നിന്റെ ദൈവമായ യഹോവ നല്ലൊരു ദേശത്തേക്കല്ലയോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

[8] ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;

[9] ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിക്കുവാൻ തക്കവണ്ണം ഒന്നിനും കുറവില്ലാത്ത ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്ന് താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.

[10] നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവന് സ്തോത്രം ചെയ്യണം.

[11] നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിക്കുവാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിക്കുവാനും ശ്രദ്ധിക്കുക.

[12] നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും

[13] നിന്റെ ആടുമാടുകൾ പെരുകി, നിനക്ക് വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.

[14] നിന്നെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കുകയും

[15] അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരുകയും, തീക്കൽ പാറയിൽനിന്ന് നിനക്ക് വേണ്ടി വെള്ളം പുറപ്പെടുവിക്കയും

[16] നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്റെ പൂര്‍വ്വ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ട് പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറക്കരുത്.

[17] “എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളണം.

[18] നിന്റെ ദൈവമായ യഹോവയെ നീ ഓർക്കണം; നിന്റെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.

[19] “നിന്റെ ദൈവമായ യഹോവയെ നീ മറക്കുകയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കുകയും ചെയ്താൽ നീ നശിച്ചുപോകും” എന്ന് ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു.

[20] നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ട് യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിക്കുന്ന ജാതികളെപ്പോലെ നിങ്ങളും നശിച്ചുപോകും.

ആവർത്തനപുസ്തകം — Chapters