[1] യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി.
[2] അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
[3] യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും താമസിച്ചു.
[4] അവർ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
[5] ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
[6] സേരെഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690)
[7] ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
[8] യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
[9] തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തി അമ്പത്താറ്പേരും. ഈ പുരുഷന്മാരൊക്കെയും അവരവരുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
[10] പുരോഹിതന്മാരായ യെദയാവും യെഹോയാരീബും യാഖീനും,
[11] അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
[12] അസര്യാവും, മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും, ഇമ്മേരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
[13] പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തി എഴുനൂറ്റി അറുപത്പേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷക്ക് അതിസമർത്ഥർ ആയിരുന്നു.
[14] ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
[15] ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
[16] യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന എല്ക്കാനയുടെ മകനായ
[17] ആസയുടെ മകൻ ബെരെഖ്യാവും ആയിരുന്നു. വാതിൽകാവല്ക്കാരായി ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും ഉണ്ടായിരുന്നു. ശല്ലൂമും അവരുടെ തലവനായിരുന്നു.
[18] ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്ക് വശത്ത് രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
[19] കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും, അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ വാതിൽകാവല്ക്കാരായി ശുശ്രൂഷയ്ക്ക് മേൽനോട്ടം വഹിക്കുന്നവരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന് പ്രവേശനപാലകരായി മേൽനോട്ടം വഹിക്കുന്നവരായിരുന്നു.
[20] എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
[21] മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
[22] വാതിൽകാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ (212). അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം രേഖപ്പെടുത്തിയിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ നിയമിച്ചത്.
[23] ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവയുടെ ആലയത്തിന്റെ വാതിലുകൾക്കു മുറപ്രകാരം കാവല്ക്കാരായിരുന്നു.
[24] കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും ആലയത്തിന് കാവല്ക്കാരുണ്ടായിരുന്നു.
[25] ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴ് ദിവസം കൂടുംതോറും മാറി മാറി വന്നു അവരോടുകൂടെ കാവല്ക്കാരായിരുന്നു.
[26] വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാല് ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ മുറികൾക്കും ഭണ്ഡാരത്തിന്നും മേൽനോട്ടം നടത്തിയിരുന്നു.
[27] കാവൽ നിൽക്കുന്നതും രാവിലെതോറും വാതിൽ തുറക്കുന്ന ജോലിയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും താമസിച്ചുവന്നു.
[28] അവരിൽ ചിലർക്കു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ ചുമതല ഉണ്ടായിരുന്നു; അവയെ എണ്ണി അകത്ത് കൊണ്ടുപോകുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും.
[29] അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും, മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവയ്ക്കും മേൽനോട്ടക്കാരായി നിയമിച്ചിരുന്നു.
[30] പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
[31] ലേവ്യരിൽ ഒരുവനായ കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന് ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽനോട്ടം ഉണ്ടായിരുന്നു.
[32] കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
[33] ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനികളായ ഇവർ സംഗീതക്കാരായി അവിടെ താമസിച്ചിരുന്നു. അവർ രാവും പകലും തങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.
[34] ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ താമസിച്ചിരുന്നു.
[35] ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും ഭാര്യ മയഖായും
[36] അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
[37] നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും താമസിച്ചിരുന്നു.
[38] മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചിരുന്നു
[39] നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
[40] യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
[41] മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.
[42] ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
[43] മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
[44] ആസേലിന് ആറ് മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.