Skip to content
Opens in a new window
Listen to this chapter • 4:13

[1] അഹരോന്റെ പുത്രന്മാരുടെ കൂറുകൾ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.

[2] നാദാബും അബീഹൂവും അവരുടെ അപ്പന് മുമ്പെ മരിച്ചുപോയി; അവർക്ക് പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി.

[3] ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.

[4] ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരെ എട്ട് പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.

[5] എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരവ്യത്യാസം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

[6] ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും, പുരോഹിതനായ സാദോക്കിനും, അബ്യാഥാരിന്റെ മകനായ അഹീമേലെക്കിനും, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടുവന്നത് എഴുതിവെച്ചു.

[7] ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും

[8] മൂന്നാമത്തേത് ഹാരീമിനും നാലാമത്തേത് ശെയോരീമിനും

[9] അഞ്ചാമത്തേത് മല്ക്കീയാവിനും ആറാമത്തേത് മീയാമിനും

[10] ഏഴാമത്തേത് ഹാക്കോസിനും എട്ടാമത്തേത് അബീയാവിനും

[11] ഒമ്പതാമത്തേത് യേശൂവെക്കും പത്താമത്തേത് ശെഖന്യാവിനും

[12] പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേത് യാക്കീമിനും

[13] പതിമൂന്നാമത്തേത് ഹുപ്പെക്കും പതിനാലാമത്തേത് യേശെബെയാമിനും

[14] പതിനഞ്ചാമത്തേത് ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും

[15] പതിനേഴാമത്തേത് ഹേസീരിനും പതിനെട്ടാമത്തേത് ഹപ്പിസ്സേസിനും

[16] പത്തൊമ്പതാമത്തേത് പെതഹ്യാവിനും ഇരുപതാമത്തേത് യെഹെസ്കേലിനും

[17] ഇരുപത്തൊന്നാമത്തേത് യാഖീനും ഇരുപത്തിരണ്ടാമത്തേത് ഗാമൂലിനും

[18] ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.

[19] യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്ക് കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

[20] ലേവിയുടെ മറ്റുപുത്രന്മാർ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവ്.

[21] രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.

[22] യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.

[23] ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.

[24] ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:

[25] ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവു.

[26] മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.

[27] മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.

[28] മഹ്ലിയുടെ മകൻ എലെയാസാർ; അവന് പുത്രന്മാർ ഉണ്ടായില്ല.

[29] കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.

[30] മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.

[31] അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ്‌ രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതത് പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

1 ദിനവൃത്താന്തം — Chapters