Skip to content
Opens in a new window
Listen to this chapter • 6:27

[1] യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.

[2] ശോബലിന്റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.

[3] ഏതാമിന്റെ അപ്പനിൽനിന്ന് ഉത്ഭവിച്ചവർ: യിസ്രയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്ക് ഹസ്സെലൊല്പോനി എന്നു പേർ.

[4] പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്-ലേഹേമിന്‍റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.

[5] തെക്കോവയുടെ അപ്പനായ അശ്ഹൂരിന് ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.

[6] നയരാ അവന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.

[7] ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.

[8] കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.

[9] യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്ന് പറഞ്ഞ് അവന് യബ്ബേസ് എന്നു പേരിട്ടു.

[10] യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും, നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്ക് വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളാമായിരുന്നു” എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന് നല്കി.

[11] ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ പിതാവ്.

[12] എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.

[13] കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.

[14] മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.

[15] യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.

[16] യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.

[17] എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. മേരെദിന്റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.

[18] അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു.

[19] നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.

[20] ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.

[21] യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും;

[22] യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ ആകുന്നു.

[23] ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേലചെയ്യുവാൻ അവിടെ താമസിച്ചു.

[24] ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൌല്‍;

[25] അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.

[26] മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;

[27] ശിമെയിക്ക് പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.

[28] അവർ ബേർ-ശേബയിലും

[29] മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും

[30] ഏസെമിലും തോലാദിലും ബെഥുവേലിലും

[31] ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും താമസിച്ചു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.

[32] അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ച് പട്ടണവും

[33] ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്ക് സ്വന്തവംശാവലിയും ഉണ്ടായിരുന്നു.

[34] മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,

[35] അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,

[36] യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ,

[37] ബെനായാവ്, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;

[38] പേർവിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു.

[39] അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.

[40] അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.

[41] പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു.

[42] ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്ക് യാത്രചെയ്തു.

[43] അവർ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് ഇന്നുവരെ അവിടെ താമസിക്കുന്നു.

1 ദിനവൃത്താന്തം — Chapters