[1] യിസ്രായേൽപുത്രന്മാർ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ പ്രമാണികളും രാജാവിന് സേവ ചെയ്തുപോന്നു. അവർ വർഷത്തിൽ എല്ലാമാസങ്ങളിലും വരികയും പോകയും ചെയ്തിരുന്നു. ഓരോ കൂറിലും ഇരുപത്തിനാലായിരംപേർ (24,000) ഉണ്ടായിരുന്നു.
[2] ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന് മേൽവിചാരകൻ സബ്ദീയേലിന്‍റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000).
[3] അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.
[4] രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[5] മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[6] മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവ് ഇവൻ തന്നേ; അവന്റെ കൂറിന് അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
[7] നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെ ശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[8] അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[9] ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[10] ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[11] എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സേരെഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[12] ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[13] പത്താം മാസത്തേക്കുള്ള പത്താമത്തവൻ സേരെഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[14] പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[15] പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
[16] യിസ്രായേൽ ഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവ്;
[17] ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്;
[18] യെഹൂദെക്ക് ദാവീദിന്റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്റെ മകൻ ഒമ്രി;
[19] സെബൂലൂന് ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകൻ യെരീമോത്ത്;
[20] എഫ്രയീമ്യർക്ക് അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന് പെദായാവിന്റെ മകൻ യോവേൽ.
[21] ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന് സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ മകൻ യാസീയേൽ;
[22] ദാന് യെരോഹാമിന്റെ മകൻ അസരെയേൽ. ഇവർ യിസ്രായേൽ ഗോത്രങ്ങൾക്ക് പ്രഭുക്കന്മാർ ആയിരുന്നു.
[23] എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ട് ദാവീദ് ഇരുപതു വയസ്സിന് താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
[24] സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അത് നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.
[25] രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടികശാലകൾക്ക് ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.
[26] വയലിൽ വേലചെയ്ത കൃഷിക്കാർക്ക് കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.
[27] മുന്തിരിത്തോട്ടങ്ങൾക്ക് രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞ് സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
[28] ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്ക് യോവാശും മേൽവിചാരകർ.
[29] ശാരോനിൽ മേയുന്ന മൃഗസമൂഹങ്ങൾക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ മൃഗസമൂഹങ്ങൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
[30] ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
[31] ആടുകൾക്ക് ഹഗര്യനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകൾക്ക് അധിപതിമാരായിരുന്നു.
[32] ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
[33] അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.
[34] അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രിമാർ; രാജാവിന്റെ സേനാധിപതി യോവാബ്.