[1] യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്ക് ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
[2] യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്ന് പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന് ലഭിച്ചു.
[3] യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
[4] യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവ്; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
[5] അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ;
[6] അവന്റെ മകൻ ബെയേര; അവനെ അശ്ശൂർ രാജാവായ തിൽഗത്ത്-പിലേസർ തടവുകാരനായി കൊണ്ടുപോയി; അവൻ രൂബേന്യരിൽ തലവനായിരുന്നു.
[7] അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്നപ്രകാരം കുലംകുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
[8] സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
[9] അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്ത് വർദ്ധിച്ചിരുന്നതുകൊണ്ട് അവർ കിഴക്കോട്ട് ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ താമസിച്ചു.
[10] ശൌലിന്റെ കാലത്ത് അവർ ഹഗര്യരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു.
[11] ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരെ ബാശാൻദേശത്ത് സൽകാവരെ താമസിച്ചു.
[12] തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
[13] അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
[14] ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
[15] അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
[16] അവർ ഗിലെയാദിലെ ബാശാനിലും, അതിന്റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു.
[17] ഇവരുടെ വംശാവലി ഒക്കെയും യെഹൂദാ രാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
[18] രൂബേൻ, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പാതി ഗോത്രത്തിലുമായി നാല്പത്തി നാലായിരത്തെഴുനൂറ്ററുപത് പടയാളികൾ ഉണ്ടായിരുന്നു. അവർ ധൈര്യമുള്ളവരും, വാളും പരിചയും എടുക്കുവാനും, വില്ലുകുലെച്ച് എയ്യുവാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരും ആയിരുന്നു.
[19] അവർ ഹഗര്യരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
[20] ദൈവത്തിൽനിന്ന് അവർക്ക് സഹായം ലഭിക്കയാൽ ഹഗര്യരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോട് നിലവിളിച്ച് അവനിൽ ആശ്രയം വെച്ചതുകൊണ്ട് അവൻ അവരുടെ പ്രാർത്ഥന കേട്ട് ഉത്തരമരുളി.
[21] അവർ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
[22] യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികംപേർ കൊല്ലപ്പെട്ടവരായി വീണു. അവർ പ്രവാസകാലംവരെ അവിടെ താമസിച്ചു.
[23] മനശ്ശെയുടെ പാതിഗോത്രക്കാർ ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ താമസിച്ചിരുന്നു. അവർ വർദ്ധിച്ചുവന്നു.
[24] അവരുടെ പിതൃഭവനങ്ങളുടെ തലവന്മാർ: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; അവർ ധൈര്യമുള്ളവരും പ്രസിദ്ധരും തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
[25] എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോട് അവിശ്വസ്തരായിരുന്നു. ദൈവം അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരെ ആരാധിച്ചു.
[26] ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാക്കന്മാരായ പൂലിന്റെയും - തിൽഗത്ത്-പിലേസറിന്‍റെ - മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും പിടിച്ച് ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേയ്ക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും താമസിക്കുന്നു.