[1] ആലയ വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.
[2] മെശേലെമ്യാവിന്റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
[3] യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
[4] ഓബേദ്-ഏദോമിന്റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
[5] അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
[6] അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന് പ്രമാണികൾ ആയിരുന്നു.
[7] ശെമയ്യാവിന്റെ പുത്രന്മാരിൽ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; - അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു എലീഹൂ, സെമഖ്യാവ്.
[8] ഇവർ എല്ലാവരും ഓബേദ്-ഏദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-ഏദോമിനുള്ളവർ അറുപത്തിരണ്ടുപേർ;
[9] മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
[10] മെരാരിപുത്രന്മാരിൽ ഹോസെക്ക് പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
[11] ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നുപേർ.
[12] വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്യുവാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
[13] അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതത് വാതിലിന് ചീട്ടിട്ടു.
[14] കിഴക്കെ വാതിലിന്റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ട് വടക്കെ വാതിലിന് വന്നു.
[15] തെക്കെ വാതിലിന്റെത് ഓബേദ്-ഏദോമിനും പാണ്ടികശാലയുടേത് അവന്റെ പുത്രന്മാർക്കും
[16] കയറ്റമുള്ള പെരുവഴിയിൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറെ വാതിലിന്റേത് ശുപ്പീമിനും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
[17] കിഴക്കെ വാതില്ക്കൽ ആറ് ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കെ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടികശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.
[18] പർബാരിന് പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
[19] കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
[20] അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
[21] ലദ്ദാന്റെ പുത്രന്മാരിൽ: ലദ്ദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
[22] യെഹീയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.
[23] അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:
[24] മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.
[25] എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരിൽ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
[26] ദാവീദ് രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
[27] യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
[28] ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
[29] യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും, പുറമെയുള്ള പ്രവൃത്തിക്ക് യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
[30] ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറ് പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്റെ ശുശ്രൂഷക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
[31] ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേൃഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
[32] അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറ് പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവ് ദൈവത്തിന്റെ സകല കാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്ക് മേൽവിചാരകരാക്കി വെച്ചു.