Skip to content
Opens in a new window
Listen to this chapter • 3:05

[1] അതിന്‍റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു കീഴടക്കി, ഗത്തും അതിനോട് ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്ന് പിടിച്ചു.

[2] പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ച കൊണ്ടുവന്നു.

[3] സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്ത് തന്റെ ആധിപത്യം ഉറപ്പിക്കുവാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചു.

[4] അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളേയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകുതിരകളെ എടുത്തശേഷം ശേഷിച്ച രഥകുതിരകളുടെ കുതിഞരമ്പു വെട്ടിക്കളഞ്ഞു.

[5] സോബാരാജാവായ ഹദദേസെരിനെ സഹായിക്കുവാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ വധിച്ചു.

[6] പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ താമസിപ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.

[7] ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് പിടിച്ചെടുത്ത് യെരൂശലേമിലേക്കു കൊണ്ടുവന്നു.

[8] ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും ധാരാളം താമ്രവും കൊണ്ടുവന്നു; അതുകൊണ്ട് ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.

[9] എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‌ രാജാവായ തോവൂ കേട്ടു. അപ്പോൾ

[10] അവൻ ദാവീദ്‌ രാജാവിനോടു കുശലം ചോദിക്കുവാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു തോല്പിച്ചതുകൊണ്ടു ദാവീദിനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം എന്നിവകൊണ്ടുള്ള സകലവിധ സാധനങ്ങളും കൊണ്ടുവന്നു.

[11] ദാവീദ്‌ രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ അടുക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു സമർപ്പിച്ചു.

[12] സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവച്ച് ഏദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.

[13] ദാവീദ് ഏദോമിൽ കാവൽസൈന്യത്തെ ആക്കി; ഏദോമ്യർ എല്ലാവരും അവന് ദാസന്മാർ ആയി. അങ്ങനെ ദാവീദ് പോയിടത്തൊക്കെയും യഹോവ അവന് ജയം നല്കി.

[14] ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്റെ സകലജനത്തിനും നീതിയും ന്യായവും നടത്തി.

[15] സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും

[16] അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ ശാസ്ത്രിയും

[17] യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.

1 ദിനവൃത്താന്തം — Chapters