[1] ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു.
[2] അദ്ദേഹം അവരെ തിരുമൊഴികളാൽ ഇപ്രകാരം ഉപദേശിച്ചുതുടങ്ങി:
[3] “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
[4] വിലപിക്കുന്നവർ അനുഗൃഹീതർ; അവർക്ക് സാന്ത്വനം ലഭിക്കും.
[5] സൗമ്യശീലർ അനുഗൃഹീതർ; അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.
[6] നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; അവർ സംതൃപ്തരാകും.
[7] കരുണാഹൃദയർ അനുഗൃഹീതർ; അവർക്ക് ലഭിക്കും കരുണ.
[8] ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ; അവർക്കേകും ദർശനം ദൈവം.
[9] സമാധാനസ്ഥാപകർ അനുഗൃഹീതർ; വിളിക്കപ്പെടും അവർ ദൈവത്തിൻ പുത്രരെന്ന്.
[10] നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
[11] “എന്റെ അനുയായികളായതുകൊണ്ട് മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരെ എല്ലാവിധ വ്യാജപ്രസ്താവനകൾ നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ.
[12] നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക. കാരണം, മഹത്തരമാണ് നിങ്ങൾക്കുള്ള പ്രതിഫലം സ്വർഗത്തിൽ. അങ്ങനെതന്നെ അവർ നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും പീഡിപ്പിച്ചിട്ടുണ്ടല്ലോ.
[13] “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായിത്തീർന്നാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്ക് വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.
[14] “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം.
[15] വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വയ്ക്കുക.
[16] അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെ മുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.
[17] “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്ന് ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്.
[18] ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും, സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല.
[19] ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്ന വ്യക്തി സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്ന വ്യക്തി സ്വർഗരാജ്യത്തിൽ മഹാൻ എന്ന് വിളിക്കപ്പെടും.
[20] ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല.
[21] “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ.’
[22] എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്ന വ്യക്തിക്ക് ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്ന വ്യക്തി ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.
[23] “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ
[24] നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോട് രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.
[25] “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയുംചെയ്യും.
[26] അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ച് പറയുന്നു.
[27] “ ‘വ്യഭിചാരം ചെയ്യരുത്’ എന്ന് കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
[28] എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു.
[29] നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരം മുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.
[30] നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരം മുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.
[31] “ ‘ഭാര്യയെ ഉപേക്ഷിക്കുന്ന വ്യക്തി അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ.
[32] എന്നാൽ ഞാൻ നിങ്ങളോട് പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ ആ വ്യക്തി തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്ന വ്യക്തിയും വ്യഭിചാരം ചെയ്യുകയാണ്.
[33] “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
[34] എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം;
[35] ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം.
[36] നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല.
[37] നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.
[38] “ ‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
[39] എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ ‘വലതുചെകിട്ടത്ത് അടിച്ചാൽ’ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക.
[40] ആരെങ്കിലും നിങ്ങളുടെ ഉൾവസ്ത്രത്തിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക.
[41] ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക.
[42] നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അത് നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.
[43] “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
[44] എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക;
[45] അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നല്ലോ.
[46] നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ!
[47] സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്?
[48] അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.