Skip to content
Opens in a new window
Listen to this chapter • 5:26

[1] അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്,

[2] “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്ന് ചോദിച്ചു.

[3] അതിന് യേശു പ്രതിവാദമായി പറഞ്ഞത്: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്?

[4] ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷ നൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.

[5] എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ.

[6] ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?

[7] കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ച് പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:

[8] “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.

[9] അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”

[10] പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്ക് വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ട് മനസ്സിലാക്കുക.

[11] മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ”

[12] അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നുവോ?” എന്ന് ചോദിച്ചു.

[13] യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും.

[14] അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”

[15] “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരേണമേ,” പത്രോസ് അപേക്ഷിച്ചു.

[16] “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോട് ചോദിച്ചു.

[17] “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ.

[18] എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്.

[19] വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കുക എന്നിവ ഹൃദയത്തിൽനിന്ന് വരുന്നു;

[20] ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”

[21] യേശു ആ സ്ഥലം വിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.

[22] അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകേണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്ന് പറഞ്ഞു.

[23] യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ട് വരുന്ന അവളെ പറഞ്ഞയയ്ക്കേണമേ” എന്ന് അപേക്ഷിച്ചു.

[24] “ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു.

[25] എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗംവീണ്, “കർത്താവേ, എന്നെ സഹായിക്കേണമേ” എന്ന് അപേക്ഷിച്ചു.

[26] അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്ന് പറഞ്ഞു.

[27] “ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”

[28] അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്ന് കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.

[29] യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു.

[30] ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, അംഗവൈകല്യമുള്ളവർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി.

[31] ഊമകൾ സംസാരിക്കുന്നതും അംഗവൈകല്യമുള്ളവർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.

[32] യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പം ആയിട്ട് മൂന്നു ദിവസമായി; ഇവർക്ക് ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”

[33] അതിന് ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു പര്യാപ്തമായ ഭക്ഷണം ഈ വിജനപ്രദേശത്തു നമുക്ക് എവിടെനിന്ന് ലഭിക്കും?” എന്ന് ചോദിച്ചു.

[34] യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്ന് ചോദിച്ചു. “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.

[35] യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു.

[36] പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയുംചെയ്തു.

[37] എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.

[38] ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.

[39] ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.

മത്തായി എഴുതിയ സുവിശേഷം — Chapters