Skip to content
Opens in a new window
Listen to this chapter • 6:41

[1] “മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം.

[2] അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു.

[3] ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല.

[4] എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു.

[5] മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.

[6] “അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.

[7] “കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി.

[8] ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്ന് പറഞ്ഞു.

[9] “ ‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകമുള്ളവർ മറുപടി പറഞ്ഞു.

[10] “അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയുംചെയ്തു.

[11] “പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരേണമേ,’ അവർ അപേക്ഷിച്ചു.

[12] “എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്ന് പറഞ്ഞു.

[13] “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!

[14] “ഒരു മനുഷ്യൻ ദൂരെയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് അദ്ദേഹത്തിന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.

[15] അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി.

[16] അഞ്ച് താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ട് വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു.

[17] അതുപോലെതന്നെ രണ്ടുതാലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി.

[18] എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.

[19] “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു.

[20] അഞ്ച് താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്ന് പറഞ്ഞു.

[21] “യജമാനൻ അവനോട് പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്നു നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’

[22] “രണ്ട് താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ട് താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്ന് പറഞ്ഞു.

[23] “യജമാനൻ അവനോടും, വളരെ നല്ലത് ‘സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്ന് പറഞ്ഞു.

[24] “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, അങ്ങു വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്ന് ഞാൻ അറിഞ്ഞിരുന്നു.

[25] അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്ന് പറഞ്ഞു.

[26] “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നെന്നും നീ അറിഞ്ഞിരുന്നല്ലോ.

[27] എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്ക് ലഭിക്കുമായിരുന്നല്ലോ?

[28] “ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക.

[29] ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയും.

[30] അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ വിലാപവും പല്ലുകടിയും ഉണ്ടാകും.’

[31] “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയസിംഹാസനത്തിൽ ഉപവിഷ്ടനായി

[32] സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും.

[33] ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.

[34] “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക.

[35] എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ സഞ്ചാരിയായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു;

[36] ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’

[37] “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേയ്ക്ക് ആഹാരം തന്നത്; ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്?

[38] ഒരു സഞ്ചാരിയായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്?

[39] രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്ന് ചോദിക്കും.

[40] “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ് സത്യം എന്ന് ഞാൻ നിങ്ങളോട് പറയുന്നു.’

[41] “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോട് കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക.

[42] എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല;

[43] ഞാൻ സഞ്ചാരിയായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’

[44] “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്ന് ചോദിക്കും.

[45] “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലും നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്ക് ചെയ്യാതിരുന്നതാണ്, സത്യം എന്ന് ഞാൻ നിങ്ങളോട് പറയുന്നു.’

[46] “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”

മത്തായി എഴുതിയ സുവിശേഷം — Chapters