Skip to content
Opens in a new window
Listen to this chapter • 6:38

[1] യേശു ദൈവാലയാങ്കണം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു.

[2] അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്ന് ഞാൻ നിങ്ങളോട് പറയുന്നു” എന്ന് പറഞ്ഞു.

[3] ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇത് സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ചിഹ്നം എന്തായിരിക്കും?” എന്ന് ചോദിച്ചു.

[4] അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.

[5] ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.

[6] നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.

[7] ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.

[8] ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.

[9] “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയുംചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.

[10] അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയുംചെയ്യും.

[11] പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും.

[12] വർധിതമായ ദുഷ്ടത നിമിത്തം അനേകരുടെയും സ്നേഹം മന്ദീഭവിക്കും;

[13] എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.

[14] ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.

[15] “ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—

[16] യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.

[17] മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീട്ടിനുള്ളിൽ കയറരുത്.

[18] വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.

[19] ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം!

[20] നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്ന് പ്രാർഥിക്കുക.

[21] കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.

[22] “ആ ദിവസങ്ങളുടെ എണ്ണം പരിമിതപ്പെട്ടില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും.

[23] അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.

[24] കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!

[25] നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോട് പറഞ്ഞിരിക്കുന്നു.

[26] “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്ന് പറഞ്ഞാൽ നിങ്ങൾ അവിടേക്ക് പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.

[27] കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.

[28] കഴുകന്മാർ കൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.

[29] “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’

[30] “അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.

[31] മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും.

[32] “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് നിങ്ങൾ ഗ്രഹിക്കുന്നല്ലോ.

[33] അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നത് കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്ന് മനസ്സിലാക്കുക.

[34] ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.

[35] ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ അനശ്വരമായിരിക്കും.

[36] “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ, പുത്രൻപോലുമോ, അറിയുന്നില്ല.

[37] നോഹയുടെ കാലത്ത് സംഭവിച്ചതുപോലെതന്നെയായിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.

[38] പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹം കഴിച്ചും വിവാഹം കഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു.

[39] പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും.

[40] അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.

[41] രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും, മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.

[42] “അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക.

[43] കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യും എന്ന് നിങ്ങൾക്കറിയാമല്ലോ.

[44] അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.

[45] “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?

[46] യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗൃഹീതൻ.

[47] അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്ന് നിശ്ചയമായും ഞാൻ നിങ്ങളോട് പറയുന്നു.

[48] എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്ന് ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ,

[49] അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.

[50] ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും, ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും.

[51] അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ വിലാപവും പല്ലുകടിയും ഉണ്ടാകും.

മത്തായി എഴുതിയ സുവിശേഷം — Chapters