Skip to content
Opens in a new window
Listen to this chapter • 9:26

[1] അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്,

[2] അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി.

[3] യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്,

[4] “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്ന് പറഞ്ഞു. “അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു.

[5] യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു.

[6] പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്ന് പറഞ്ഞ്,

[7] ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു.

[8] അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു.

[9] “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പത് വെള്ളിനാണയങ്ങൾ അവർ എടുത്ത്,

[10] കർത്താവ് എന്നോട് കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു” എന്ന് യിരമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി.

[11] ഈസമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്ന് ചോദിച്ചു. അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്ന് മറുപടി പറഞ്ഞു.

[12] പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിന് മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല.

[13] അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്ന് ചോദിച്ചു.

[14] എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.

[15] പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു.

[16] ആ വർഷം അവിടെ ബറബ്ബാസ് എന്ന് പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു.

[17] ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്ന് വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്ന് ചോദിച്ചു.

[18] അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു.

[19] പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹം നിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.”

[20] എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു.

[21] “ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു. “ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു.

[22] “അപ്പോൾ, ക്രിസ്തുവെന്ന് വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു. “അവനെ ക്രൂശിൽ തറയ്ക്കുക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു.

[23] “എന്തിന്? അയാൾ എന്തുകുറ്റമാണ് ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിൽ തറയ്ക്കുക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.

[24] തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്ന് മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്ന് പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി.

[25] “അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു.

[26] അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.

[27] ഉടനെതന്നെ പീലാത്തോസിന്റെ സൈനികർ യേശുവിനെ അവരുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി; തങ്ങളുടെ സഹസൈനികരെയെല്ലാം അദ്ദേഹത്തിനുമുമ്പിൽ വിളിച്ചുവരുത്തി.

[28] അവർ അദ്ദേഹത്തിന്റെ പുറങ്കുപ്പായം വലിച്ചൂരിയശേഷം ഒരു ചെമന്ന പുറങ്കുപ്പായം ധരിപ്പിച്ചു.

[29] ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. വലതുകയ്യിൽ ഒരു വടി പിടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാൽക്കൽവീണ് “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്ന് അവർ പരിഹസിച്ചു പറഞ്ഞു.

[30] അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയുംചെയ്തു.

[31] ഇങ്ങനെ, അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.

[32] അവർ പോകുമ്പോൾ കുറേന ഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു.

[33] “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് അവർ എത്തി.

[34] അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല.

[35] അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.

[36] അവിടെ അവർ അദ്ദേഹത്തിനു കാവലിരുന്നു.

[37] “യെഹൂദരുടെ രാജാവായ യേശുവാണ് ഇവൻ” എന്ന് അദ്ദേഹത്തിന്റെമേൽ ചുമത്തപ്പെട്ട കുറ്റം എഴുതി അവർ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചു.

[38] അദ്ദേഹത്തോടൊപ്പം രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി, ക്രൂശിച്ചു.

[39] ആവഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ദൈവാലയം തകർത്ത്, മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങിവരിക!” എന്ന് പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു.

[41] അങ്ങനെതന്നെ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും ഇതേവിധത്തിൽത്തന്നെ അദ്ദേഹത്തെ പരിഹസിച്ചു.

[42] അവർ പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ, തന്നെത്താൻ രക്ഷിക്കാനുള്ള കഴിവില്ല താനും! ഇവനാണോ ഇസ്രായേലിന്റെ രാജാവ്! ഇവൻ ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ, ഇവനിൽ ഞങ്ങൾ വിശ്വസിക്കാം.

[43] ഇവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം ഇവനിൽ സംപ്രീതനായിരിക്കുന്നെങ്കിൽ, അവിടന്ന് ഇപ്പോൾത്തന്നെ ഇവനെ വിടുവിക്കട്ടെ; ‘ഞാൻ ദൈവപുത്രൻ’ ” എന്ന അവകാശവാദം ഇവൻ ഉന്നയിച്ചല്ലോ

[44] അദ്ദേഹത്തോടുകൂടെ ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.

[45] ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ട് വ്യാപിച്ചു.

[46] ഏകദേശം മൂന്നുമണിക്ക് യേശു, “ഏലീ, ഏലീ, ലമ്മാ ശബക്താനി?” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.

[47] അവിടെ നിന്നിരുന്നവരിൽ ചിലർ ഇത് കേട്ടിട്ട്, “അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്ന് പറഞ്ഞു.

[48] ഉടനെതന്നെ അവരിൽ ഒരാൾ ഓടിച്ചെന്ന് ഒരു സ്പോഞ്ച് എടുത്തു. അയാൾ അതിൽ പുളിച്ച വീഞ്ഞ് നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തു.

[49] എന്നാൽ മറ്റുള്ളവർ, “നിൽക്കൂ, ഏലിയാവ് അയാളെ രക്ഷിക്കാൻ വരുമോ എന്ന് നോക്കാം.” എന്ന് പറഞ്ഞു.

[50] യേശു വീണ്ടും അത്യുച്ചത്തിൽ നിലവിളിച്ച് തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.

[51] ആ നിമിഷംതന്നെ ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂകമ്പം ഉണ്ടായി, പാറകൾ പിളർന്നു,

[52] ശവക്കല്ലറകൾ തുറന്നു. മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു.

[53] അവർ യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം കല്ലറകളിൽനിന്ന് പുറത്ത് വരുകയും, വിശുദ്ധനഗരത്തിൽ ചെന്ന് ധാരാളംപേർക്കു പ്രത്യക്ഷരാകുകയുംചെയ്തു.

[54] യേശുവിനു കാവൽനിന്നിരുന്ന ശതാധിപനും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് ഭയന്നുവിറച്ചു, “ഇദ്ദേഹം വാസ്തവമായും ദൈവപുത്രൻ ആയിരുന്നു” എന്ന് പറഞ്ഞു.

[55] യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു.

[56] അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും യാക്കോബ്, യോസെ എന്നിവരുടെ അമ്മ മറിയയും സെബെദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയും ഉണ്ടായിരുന്നു.

[57] സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസഫ് എന്ന ധനികൻ അവിടെ എത്തി.

[58] അദ്ദേഹം പീലാത്തോസിന്റെ അടുക്കൽചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയുംചെയ്തു.

[59] യോസഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്,

[60] തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.

[61] അവിടെ, മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറയ്ക്കുമുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു.

[62] ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽ വന്നു.

[63] അവർ അദ്ദേഹത്തോട്, “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ, ‘ഞാൻ മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കും’ എന്ന് പറഞ്ഞത് ഞങ്ങൾ ഓർക്കുന്നു.

[64] അതുകൊണ്ട് മൂന്നുദിവസംവരെ കല്ലറ സുരക്ഷിതമാക്കാൻ ഉത്തരവിടണം എന്ന് അപേക്ഷിച്ചു. അല്ലാത്തപക്ഷം അയാളുടെ ശിഷ്യന്മാർവന്ന് മൃതദേഹം മോഷ്ടിക്കുകയും അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ജനങ്ങളോടു പറയുകയുംചെയ്യും. ഈ ഒടുവിലത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ വിഷമകരമാകുകയുംചെയ്യും.”

[65] അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്ന വിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്ന് പറഞ്ഞു.

[66] അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.

മത്തായി എഴുതിയ സുവിശേഷം — Chapters