Skip to content
Opens in a new window
Listen to this chapter • 4:41

[1] യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകിത്തീർത്തതിനുശേഷം, ഗലീലയിൽത്തന്നെയുള്ള പട്ടണങ്ങളിൽ ഉപദേശിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവിടെനിന്നു യാത്രയായി.

[2] കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടപ്പോൾ “വരാനുള്ള മശിഹ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കേണമോ?” എന്ന് ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു.

[4] യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക:

[5] അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.

[6] എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്ന് പറഞ്ഞു.

[7] യോഹന്നാന്റെ ശിഷ്യന്മാർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ?

[8] അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്?

[9] പിന്നെ നിങ്ങൾ എന്തുകാണാനാണ് പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു.

[10] “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.’ എന്ന് തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്.

[11] ‘സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു’ എന്ന് നിശ്ചയമായി ഞാൻ നിങ്ങളോട് പറയുന്നു.

[12] യോഹന്നാൻസ്നാപകന്റെ കാലംമുതൽ ഇന്നുവരെയും സ്വർഗരാജ്യം ക്രൂരപീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു, പീഡകർ അതിനെ പിടിച്ചടക്കുകയുംചെയ്യുന്നു;

[13] സകലപ്രവചനഗ്രന്ഥങ്ങളും ന്യായപ്രമാണവും യോഹന്നാന്റെ സമയംവരെ പ്രവചിച്ചു.

[14] ഇത് അംഗീകരിക്കാൻ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ, ‘വരാനിരിക്കുന്നവൻ’ എന്ന് അവർ പറഞ്ഞ ഏലിയാവ് ഈ യോഹന്നാൻതന്നെയാണ്.

[15] ചെവിയുള്ളവരെല്ലാം കേട്ട് ഗ്രഹിക്കട്ടെ!

[16] “ഈ തലമുറയെ ഞാൻ എന്തിനോട് താരതമ്യം ചെയ്യും? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല’ എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോട് വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ.

[18] ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു.

[19] മനുഷ്യപുത്രൻ ആകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘ഭോജനപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”

[20] തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതെ ഇരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി:

[21] “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു.

[22] എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും.

[23] കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു.

[24] ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.”

[25] അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.

[26] അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!

[27] “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും, പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരും അല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്ന് പറഞ്ഞു.

[28] “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും.

[29] ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും.

[30] എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

മത്തായി എഴുതിയ സുവിശേഷം — Chapters