Skip to content
Opens in a new window
Listen to this chapter • 7:52

[1] അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:

[2] “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക.

[3] ഇതേക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവയുടെ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”

[4] “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്ക് വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി അതേ കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു’ ”

[5] എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇത് സംഭവിച്ചത്.

[6] ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോട് കൽപ്പിച്ചതുപോലെതന്നെ ചെയ്തു.

[7] അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു.

[8] ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയുംചെയ്തു.

[9] യേശുവിന് മുമ്പിലും പിമ്പിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.

[10] യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു.

[11] കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു.

[12] യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു.

[13] യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്ന് വിളിക്കപ്പെടും,’ എന്ന് തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ യാക്കിത്തീർക്കുന്നു” എന്ന് പറഞ്ഞു.

[14] അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽ വന്നു; അവിടന്ന് അവരെ സൗഖ്യമാക്കി.

[15] എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്ന് ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.

[16] “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു’ എന്ന് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്ന് ചോദിച്ചു.

[17] അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.

[18] പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു.

[19] വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്ന് പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.

[20] ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്ന് ചോദിച്ചു.

[21] അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും നിശ്ചയം.

[22] വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്ത് യാചിച്ചാലും അത് നിങ്ങൾക്ക് ലഭിക്കും.”

[23] യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്ന് ചോദിച്ചു.

[24] അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോട് പറയാം.

[25] സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്ന് നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോട് ചോദിക്കും.

[26] ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ!—നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”

[27] അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത് എന്ന് ഞാനും നിങ്ങളോട് പറയുന്നില്ല” എന്ന മറുപടിയും നൽകി.

[28] “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്ന് പറഞ്ഞു.

[29] “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയുംചെയ്തു.

[30] “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.

[31] “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ അഭീഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോട് പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോട് പറയുന്നു.

[32] കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇത് കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.

[33] “മറ്റൊരു സാദൃശ്യകഥ കേൾക്കുക:” ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിന് ഏൽപ്പിച്ചിട്ട്, വിദേശത്തുപോയി.

[34] വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.

[35] “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു.

[36] പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.

[37] ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.

[38] “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ അവകാശം കൈക്കലാക്കാം.’

[39] അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.

[40] “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോട് ചോദിച്ചു.

[41] “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.

[42] യേശു അവരോട് ചോദിച്ചത്, “ ‘ശില്പികൾ തിരസ്കരിച്ച അതേശിലതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്ന് തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?

[43] “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോട് പറയുന്നു.

[44] ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; ഇത് ആരുടെമേൽ നിപതിക്കുന്നോ അയാൾ തരിപ്പണമാകും.”

[45] യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും

[46] അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.

മത്തായി എഴുതിയ സുവിശേഷം — Chapters