Skip to content
Opens in a new window
Listen to this chapter • 3:53

[1] ഇതിനുശേഷം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.

[2] നാൽപ്പതു പകലും നാൽപ്പതു രാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.

[3] അപ്പോൾ പരീക്ഷകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്ന് പറഞ്ഞു.

[4] അതിനു യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു”, എന്ന് ഉത്തരം പറഞ്ഞു.

[5] തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്,

[6] “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക. “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും, അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും’ എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്ന് പറഞ്ഞു.

[7] യേശു അവനോട്, “ ‘നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.”

[8] വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലസാമ്രാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്,

[9] “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.

[10] അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! എഴുതപ്പെട്ടിരിക്കുന്നത് ‘നിന്റെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെ മാത്രമേ സേവിക്കാവൂ’ എന്നാണല്ലോ” എന്ന് പറഞ്ഞു.

[11] അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.

[12] യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്ന് മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി;

[13] നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി.

[14] “സെബൂലൂൻ ദേശവും നഫ്താലി ദേശവും തടാകതീരവും യോർദാൻ അക്കരെ നാടും. യെഹൂദേതര ഗലീലയും— അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും വലിയൊരു പ്രഭ ദർശിച്ചു. മരണനിഴൽ വീശിയ ദേശത്ത് താമസിച്ചിരുന്നവരുടെ മേലൊരു പ്രകാശം ഉദിച്ചു!” എന്നിങ്ങനെ യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി.

[17] ആസമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് പ്രസംഗിക്കാൻ ആരംഭിച്ചു.

[18] യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു.

[19] യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് പറഞ്ഞു.

[20] ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.

[21] അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു,

[22] അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു.

[23] യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.

[24] അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തുംകൂടി പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയുംചെയ്തു.

[25] ഗലീല, ദെക്കപ്പൊലി, ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.

മത്തായി എഴുതിയ സുവിശേഷം — Chapters