[1] എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
[2] “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം.
[3] ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.
[4] വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്.
[5] “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്.
[6] അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു.
[7] നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.
[8] എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ
[9] അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു.
[10] തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.
[11] അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും.
[12] ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും.
[13] “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല.
[14] ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു.
[15] അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു.
[16] “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.
[17] താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു.
[18] ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.
[19] താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ?
[20] ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.
[21] അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം.
[22] “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?
[23] അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും?
[24] മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.
[25] സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.
[26] ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ! അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.
[27] “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴപൊഴിക്കുന്നു.
[28] മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു; മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.
[29] അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?
[30] അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.
[31] ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു; ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.
[32] തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു; നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.
[33] അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു; കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.