[1] ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
[2] “എനിക്കു നീതി നിഷേധിച്ച് എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,
[3] എന്നിൽ ജീവനുള്ള കാലത്തോളം, എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,
[4] എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല; എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.
[5] നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല; മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.
[6] എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല; എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല.
[7] “എന്റെ ശത്രു ദുഷ്ടരെപ്പോലെയും എന്റെ എതിരാളി നീതികെട്ടവരെപ്പോലെയുമിരിക്കട്ടെ!
[8] അഭക്തർ ഛേദിക്കപ്പെടുകയും ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്?
[9] അവർക്കു കഷ്ടത വരുമ്പോൾ ദൈവം അവരുടെ നിലവിളി കേൾക്കുമോ?
[10] അവർ സർവശക്തനിൽ സന്തോഷിക്കുമോ? എപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
[11] “ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം; സർവശക്തന്റെ മാർഗങ്ങളൊന്നും ഞാൻ മറച്ചുവെക്കുകയില്ല.
[12] ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു; പിന്നെ എന്തിനാണ് ഈ പാഴ്ച്ചൊല്ലുകൾ?
[13] “ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും നിഷ്ഠുരർക്കു സർവശക്തനിൽനിന്നു ലഭിക്കുന്ന പൈതൃകവും ആകുന്നു:
[14] അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു; അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല.
[15] അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും, അവരുടെ വിധവകൾ അവരെയോർത്തു വിലപിക്കുകയുമില്ല.
[16] അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും, കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും,
[17] അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും; നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും.
[18] അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ; അഥവാ, കാവൽക്കാരൻ കെട്ടുന്ന മാടംപോലെയല്ലോ.
[19] ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല; കാരണം, കിടക്കവിട്ട് കണ്ണു തുറക്കുമ്പോൾ എല്ലാം പോയ്പ്പോയിരിക്കും.
[20] പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു; കൊടുങ്കാറ്റ് രാത്രിയിൽ അവരെ പറപ്പിച്ചുകൊണ്ടുപോകുന്നു.
[21] കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു; തങ്ങളുടെ സ്ഥാനത്തുനിന്നും അത് അവരെ തൂത്തെറിയുന്നു.
[22] അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു;
[23] അത് അവരെ നോക്കി കൈകൊട്ടും; കാറ്റിന്റെ ഒരു ഊത്തിനാൽ അവരെ സ്വസ്ഥാനത്തുനിന്നു പുറന്തള്ളും.”