Skip to content
Opens in a new window

[1] “എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ എന്നെ പരിഹസിക്കുന്നു; അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല.

[2] വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി? അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ.

[3] ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ, രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു.

[4] അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.

[5] അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു; മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ.

[6] തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു.

[7] കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു; അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു.

[8] അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ; ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു.

[9] “ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു; ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു.

[10] അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു; എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല.

[11] കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു. എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു.

[12] എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.

[13] അവർ എന്റെ പാത തകർക്കുന്നു; എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു.

[14] വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു; ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു.

[15] ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു; കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു.

[16] “ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു; ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

[17] രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു; കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല.

[18] ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു; കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു.

[19] അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു; ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു.

[20] “ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല; ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല.

[21] അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു.

[22] അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു; കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു.

[23] അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം, ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.

[24] “ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം?

[25] കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ? ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?

[26] ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു; പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി.

[27] എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല; ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു.

[28] ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും. സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.

[29] ഞാൻ കുറുനരികൾക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു.

[30] എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു; എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു.

[31] എന്റെ കിന്നരം രോദനമായും എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.

ഇയ്യോബ് — Chapters