Skip to content
Opens in a new window

[1] അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:

[2] “എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; നിങ്ങൾ എനിക്കു നൽകുന്ന ആശ്വാസം അതാകട്ടെ.

[3] ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക, സംസാരിച്ചുതീർന്നശേഷം നിങ്ങൾക്കെന്നെ പരിഹസിക്കാം.

[4] “ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്? പിന്നെ ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?

[5] എന്നെ നോക്കുക, ആശ്ചര്യപ്പെടുക; സ്തബ്ധരായി കൈകൊണ്ട് വായ് പൊത്തിക്കൊൾക.

[6] അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു; വിറയൽ എന്റെ ശരീരത്തെ ബാധിച്ചിക്കുന്നു.

[7] ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും ശക്തി ഏറിവരുന്നതും എന്തുകൊണ്ട്?

[8] അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു.

[9] അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു; ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല.

[10] അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല; അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു.

[11] ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു; അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു.

[12] അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു; കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു.

[13] അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, സമാധാനത്തോടെ അവർ ശവക്കുഴിയിലേക്കിറങ്ങുന്നു.

[14] എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക! അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല.

[15] ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്? അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’

[16] എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല; അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു.

[17] “എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു? എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു?

[18] എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു.

[19] ‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു. അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ!

[20] അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ; സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ.

[21] അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ?

[22] “ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ? അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ.

[23] ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു, സമ്പൂർണസുരക്ഷയും സമൃദ്ധിയും

[24] ശരീരപോഷണവും അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ.

[25] അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ മനോവ്യസനത്തോടെ മരിക്കുന്നു.

[26] അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു, പുഴുക്കൾ അവരെ പൊതിയുന്നു.

[27] “നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം, എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്.

[28] നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’

[29] വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ?

[30] വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു; ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു.

[31] അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും? അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും?

[32] അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്.

[33] താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, എല്ലാവരും അവരെ അനുഗമിക്കുന്നു.

[34] “പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!”

ഇയ്യോബ് — Chapters