Skip to content
Opens in a new window

[1] അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:

[2] “ജ്ഞാനിയായ ഒരു മനുഷ്യൻ വ്യർഥജ്ഞാനമുള്ള മറുപടി പറയുമോ? കിഴക്കൻ കാറ്റുകൊണ്ട് അവർ വയറുനിറയ്ക്കുമോ?

[3] അവർ അർഥശൂന്യമായ വാക്കുകൾകൊണ്ടും ഉപകാരമില്ലാത്ത സംഭാഷണംകൊണ്ടും തർക്കിക്കുമോ?

[4] എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു; ദൈവസന്നിധിയിലുള്ള ധ്യാനം നീ തുച്ഛീകരിച്ചിരിക്കുന്നു.

[5] അകൃത്യം നിന്റെ വാക്കുകളിൽത്തന്നെ വ്യക്തമാകുന്നു; കൗശലക്കാരുടെ ഭാഷ നീ തെരഞ്ഞെടുത്തിരിക്കുന്നു.

[6] ഞാനല്ല, നിന്റെ വായ്‌തന്നെ നിന്നെ കുറ്റം വിധിക്കുന്നു; നിന്റെതന്നെ അധരങ്ങൾ നിനക്കെതിരേ സാക്ഷ്യംനൽകുന്നു.

[7] “നീയാണോ ആദ്യം ജനിച്ച മനുഷ്യൻ? കുന്നുകൾക്കുംമുമ്പേ പിറന്നവൻ നീയോ?

[8] നീ ദൈവത്തിന്റെ ആലോചന ശ്രദ്ധിച്ചിട്ടുണ്ടോ? ജ്ഞാനം കുത്തകയായി ലഭിച്ചിരിക്കുന്നതു നിനക്കുമാത്രമോ?

[9] ഞങ്ങൾക്ക് അജ്ഞാതമായിരിക്കുന്ന ഏതു കാര്യമാണ് നിനക്ക് അറിയാവുന്നത്? ഞങ്ങൾക്കില്ലാത്ത ഏത് ഉൾക്കാഴ്ചയാണ് നീ സമ്പാദിച്ചിട്ടുള്ളത്?

[10] തല നരച്ചവരും വയോധികരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്; നിന്റെ പിതാവിനെക്കാൾ പ്രായമുള്ളവർതന്നെ

[11] ദൈവത്തിന്റെ ആശ്വാസവചസ്സുകളും നിന്നോടു സൗമ്യമായി പറഞ്ഞ വാക്കുകളും നിനക്കു വളരെ നിസ്സാരമോ?

[12] നിന്റെ ഹൃദയം നിന്നെ വഴിതെറ്റിക്കുന്നതെന്തിന്? നിന്റെ കണ്ണുകൾ ജ്വലിക്കുന്നതിനും കാരണമെന്ത്?

[13] നീ ദൈവത്തിനെതിരേ നിന്റെ ക്രോധം ജ്വലിപ്പിക്കുകയും ഇത്തരം വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുവിക്കുകയും ചെയ്യുന്നത് എന്തിന്?

[14] “മനുഷ്യർക്കു നിർമലരായിരിക്കാൻ കഴിയുമോ? സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവർക്ക് നീതിനിഷ്ഠരാകാൻ കഴിയുമോ?

[15] ദൈവം തന്റെ വിശുദ്ധരെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ സ്വർഗവും അവിടത്തെ ദൃഷ്ടിയിൽ നിർമലമല്ലെങ്കിൽ,

[16] നിന്ദ്യനും ദൂഷിതനും അനീതിയെ വെള്ളംപോലെ കുടിക്കുന്നവനുമായ മനുഷ്യർ എത്രയധികം!

[17] “എന്നെ ശ്രദ്ധിക്കുക, ഞാൻ നിനക്കു വിശദീകരിച്ചുതരാം; എന്റെ നിരീക്ഷണങ്ങൾ ഞാൻ നിന്നോടു വിവരിക്കട്ടെ.

[18] ജ്ഞാനികൾ തങ്ങളുടെ പൂർവികരിൽനിന്ന് കേട്ടതും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുകയും ചെയ്ത വാക്കുകൾതന്നെ.

[19] ഒരു വിദേശിയും അവരുടെ കൂട്ടത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്, അവർക്കുമാത്രമായി ഈ ദേശം നൽകപ്പെട്ടത്.

[20] ദുഷ്ടർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ വേദനയിൽ പുളയുന്നു; നിഷ്ഠുരർക്കു നിയമിക്കപ്പെട്ട സംവത്സരങ്ങൾ തികയുന്നതുവരെത്തന്നെ.

[21] അവരുടെ കാതുകളിൽ ഭീതിയുടെ ശബ്ദം മുഴങ്ങുന്നു; എല്ലാം ശുഭമായിരിക്കുമ്പോൾത്തന്നെ സംഹാരകർ അവരെ ആക്രമിക്കുന്നു.

[22] അന്ധകാരത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർക്കു പ്രതീക്ഷയില്ല; അവർ വാളിന് നിയമിക്കപ്പെട്ടിരിക്കുന്നു.

[23] ആഹാരത്തിനായി കഴുകൻ എന്നപോലെ അവർ അലഞ്ഞുതിരിയുന്നു; അന്ധകാരദിനം അടുത്തിരിക്കുന്നു എന്ന് അവർ അറിയുന്നു.

[24] കഷ്ടപ്പാടും അതിവേദനയും അവരെ ഭയപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവരെ ആക്രമിക്കുന്നു.

[25] അവർ ദൈവത്തിനു വിരോധമായി മുഷ്ടിചുരുട്ടുകയാലും സർവശക്തന്റെനേരേ ഊറ്റംകൊള്ളുകയാലുംതന്നെ.

[26] ഘനമുള്ളതും ശക്തിയേറിയതുമായ പരിചയേന്തിക്കൊണ്ട് അവർ ധിക്കാരഭാവത്തോടെ അവിടത്തേക്കെതിരേ പാഞ്ഞുചെല്ലുന്നു.

[27] “ദുഷ്ടരുടെ മുഖം മേദസ്സുകൊണ്ടു തുടുത്തുകൊഴുക്കുന്നു അവരുടെ അരക്കെട്ട് കൊഴുത്തു തടിച്ചവ ആണെങ്കിലും,

[28] അവർ നശിപ്പിക്കപ്പെട്ട നഗരങ്ങളിൽ താമസമാക്കും. ഇടിഞ്ഞുവീഴാറായതും ആരും പാർക്കാത്തതുമായ വീടുകളിൽത്തന്നെ അവർ പാർക്കും.

[29] അവർ ധനികരാകുകയോ അവരുടെ സമ്പത്തു നിലനിൽക്കുകയോ ഇല്ല; അവരുടെ സമ്പാദ്യങ്ങൾ ദേശത്തു വർധിക്കുകയുമില്ല.

[30] ഇരുളിൽനിന്ന് അവർ രക്ഷപ്പെടുകയില്ല; അവരുടെ മുളകളെ തീനാളം കരിച്ചുകളയും തിരുവായിലെ നിശ്വാസത്താൽ അവർ നശിച്ചുപോകും.

[31] അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ, കാരണം അവരുടെ പ്രതിഫലവും ശൂന്യമായിരിക്കും.

[32] അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും അവരുടെ ശാഖകൾ തഴച്ചുവളരുകയുമില്ല.

[33] മുന്തിരിവള്ളിയിലെ പാകമാകാത്ത കായ്കൾ ഉതിർന്നുപോകുന്നതുപോലെയും; ഒലിവുമരത്തിലെ പൂക്കൾ കൊഴിഞ്ഞുപോകുന്നതുപോലെയും ആയിരിക്കും അവർ.

[34] കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും; കൈക്കൂലിക്കാരുടെ കൂടാരങ്ങൾ അഗ്നിക്കിരയാകും.

[35] അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”

ഇയ്യോബ് — Chapters