Skip to content
Opens in a new window

[1] അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്:

[2] “ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ?

[3] നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്?

[4] “നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്?

[5] നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ?

[6] നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു.

[7] ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു.

[8] ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു.

[9] വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു.

[10] അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.

[11] കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ.

[12] “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക!

[13] എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ?

[14] ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’

[15] ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ?

[16] സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു.

[17] അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’

[18] എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു.

[19] നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു.

[20] ‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു.

[21] “ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും.

[22] അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.

[23] സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും

[24] നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ,

[25] സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും.

[26] അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും.

[27] നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും.

[28] നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.

[29] മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും.

[30] നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”

ഇയ്യോബ് — Chapters