[1] അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു:
[2] “എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു.
[3] എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു.
[4] “പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, ഭൂമുഖത്ത് മനുഷ്യജാതിയെ ആക്കിയ കാലംമുതലുള്ളവതന്നെ,
[5] ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.
[6] അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,
[7] തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.
[8] ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.
[9] അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല.
[10] അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും.
[11] അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; എങ്കിലും അത് അവരോടൊപ്പം മണ്ണടിയും.
[12] “അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും,
[13] അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും,
[14] അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും സർപ്പവിഷമായി അതു പരിണമിക്കും.
[15] അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും.
[16] അവർ സർപ്പവിഷം നുണയും; അണലിയുടെ കടിയേറ്റു മരണമടയും.
[17] തേനും വെണ്ണയും ഒഴുകുന്ന നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല.
[18] അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല.
[19] കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു.
[20] “അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല.
[21] അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല.
[22] അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും.
[23] അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.
[24] ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും.
[25] അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. മരണഭീതി അവർക്കുമേൽ വന്നുവീഴും;
[26] അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും.
[27] ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; ഭൂമി അവർക്കെതിരേ എഴുന്നേൽക്കും.
[28] പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ.
[29] ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.”