Skip to content
Opens in a new window

[1] യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുക, കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു, എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും.

[2] ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ, ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.”

[3] “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,” എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ. “ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,” എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ.

[4] കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ശബ്ബത്തുകളെ ആചരിക്കുകയും എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്—

[5] അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു സ്മാരകവും പേരും നൽകും; എന്നെന്നും നിലനിൽക്കുന്ന ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും.

[6] യഹോവയെ സേവിക്കാനും അവിടത്തെ നാമം സ്നേഹിക്കാനും അവിടത്തെ ദാസരായിരിക്കാനും യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—

[7] ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”

[8] ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.”

[9] വയലിലെ സകലമൃഗങ്ങളേ, കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക!

[10] ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്, അവർ അറിവില്ലാത്തവർ അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത ഊമനായ്ക്കൾതന്നെ. അവർ നിദ്രപ്രിയരായി സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു.

[11] അവർ ഒരിക്കലും തൃപ്തിവരാത്ത, ആർത്തിപൂണ്ട, നായ്ക്കൾ. അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ; അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു, അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു.

[12] “വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ! നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം! ഇന്നത്തെപ്പോലെ നാളെയും അധികം സമൃദ്ധിയോടെതന്നെ,” എന്ന് അവർ പറയുന്നു.

യെശയ്യാവിന്റെ പ്രവചനം — Chapters