Skip to content
Opens in a new window

[1] രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!

[2] യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു. അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും, അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു.

[3] അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.

[4] ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും, ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും; മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.

[5] എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും.

[6] യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, അതിൽ കൊഴുപ്പു പൊതിഞ്ഞിരിക്കുന്നു— ചെമ്മരിയാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. യഹോവയ്ക്ക് ബൊസ്രായിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവുമുണ്ട്.

[7] കാട്ടുകാളകൾ അവയോടൊപ്പം വീഴും, കാളക്കിടാങ്ങളും മൂരികളും വീണുപോകും. അങ്ങനെ അവരുടെ ദേശം രക്തം വീണു നനയും, അതിലെ പൊടി മൃഗക്കൊഴുപ്പുകൊണ്ട് കുതിരും.

[8] കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും സീയോനുവേണ്ടി പ്രതികാരംചെയ്യുന്ന ഒരു വർഷവും ആകുന്നു.

[9] ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും, അവളുടെ മണ്ണ് കത്തുന്ന ഗന്ധകമായി മാറും നിലം ജ്വലിക്കുന്ന കീലായും തീരും!

[10] രാത്രിയും പകലും അത് അണയാതിരിക്കും; അതിന്റെ പുക നിരന്തരം ഉയർന്നുകൊണ്ടിരിക്കും. തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരിക്കലും ആരും അതുവഴി കടന്നുപോകുകയില്ല.

[11] മൂങ്ങയും നത്തും അതു കൈവശമാക്കും; കൂമനും മലങ്കാക്കയും അതിൽ കൂടുകെട്ടും. ദൈവം ഏദോമിന്റെമേൽ സംഭ്രമത്തിന്റെ അളവുനൂലും ശൂന്യതയുടെ തൂക്കുകട്ടയും പിടിക്കും.

[12] അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല, അവളുടെ എല്ലാ ഭരണാധിപന്മാരും ഇല്ലാതെയാകും.

[13] അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും.

[14] അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും, കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും; നിശാജന്തുക്കൾ അവിടെ കിടക്കുകയും അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും.

[15] അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും, അവൾ അതു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ ചിറകിൻനിഴലിൽ ചേർക്കും; ഇരപിടിയൻപക്ഷികളും അവിടെ ഒരുമിച്ചുകൂടും ഓരോന്നും അതിന്റെ ഇണകളോടൊപ്പംതന്നെ.

[16] യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്.

[17] അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും അവിടത്തെ കരം അളവുനൂൽ പിടിച്ച് അവർക്കായി വിഭജിക്കയും ചെയ്തിരിക്കുന്നു. അവർ അവയെ എന്നേക്കുമായി കൈവശമാക്കുകയും തലമുറതലമുറയായി അതിൽ പാർക്കുകയും ചെയ്യും.

യെശയ്യാവിന്റെ പ്രവചനം — Chapters