[1] ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു:
[2] അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും.
[3] അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
[4] അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
[5] യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
[6] അങ്ങ് അവിടത്തെ ജനമായ യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു.
[7] അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല.
[8] അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ.
[9] അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; എല്ലാവരും കുനിക്കപ്പെടും; അങ്ങ് അവരോടു ക്ഷമിക്കരുതേ.
[10] യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക.
[11] അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.
[12] സൈന്യങ്ങളുടെ യഹോവ ഗർവവും ഉന്നതഭാവവും നിഗളവുമുള്ള എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. അവരെല്ലാവരും താഴ്ത്തപ്പെടും.
[13] ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും
[14] ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും
[15] ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും ഉറപ്പുള്ള എല്ലാ മതിലിന്റെമേലും
[16] തർശീശിലെ എല്ലാ കപ്പലുകളുടെമേലും പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും.
[17] മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും; ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും,
[18] വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും.
[19] ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും മണ്ണിലെ കുഴികളിലേക്കും കടക്കും.
[20] തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ സ്വർണവും വെള്ളിയുംകൊണ്ടുള്ള ബിംബങ്ങളെ മനുഷ്യർ ആ ദിവസത്തിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
[21] ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ, അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും.
[22] കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, അവരുടെ ജീവശ്വാസം കേവലം നാസാദ്വാരങ്ങളിലല്ലോ. അവരെ എന്തിനു വിലമതിക്കണം?