Skip to content
Opens in a new window

[1] കണ്ടാലും, കർത്താവ്, സൈന്യങ്ങളുടെ യഹോവേ, ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും ശേഖരണവും വിതരണവും: അപ്പത്തിന്റെ എല്ലാ ശേഖരവും വെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും നീക്കിക്കളയും;

[2] വീരന്മാർ, യോദ്ധാക്കൾ, ന്യായാധിപന്മാർ, പ്രവാചകന്മാർ, ദേവപ്രശ്നംവെക്കുന്നവർ, നേതാക്കന്മാർ,

[3] സൈന്യത്തിൽ അൻപതുപേർക്ക് അധിപർ, വിവിധ പദവികൾ അലങ്കരിക്കുന്നവർ, ഉപദേഷ്ടാക്കൾ, കരകൗശലപ്പണിക്കാർ, സമർഥരായ മാന്ത്രികർ, എന്നിങ്ങനെയുള്ള എല്ലാവരെയും നീക്കിക്കളയും.

[4] “ഞാൻ കേവലം ബാലന്മാരെ അവരുടെ അധിപരായി നിയമിക്കും; ശിശുക്കൾ അവരുടെമേൽ ഭരണംനടത്തും.”

[5] ജനം പരസ്പരം പീഡിപ്പിക്കും— ഒരാൾ മറ്റൊരാളെയും അയൽവാസി അയൽവാസിയെയുംതന്നെ. യുവാക്കൾ വൃദ്ധർക്കെതിരേയും ഹീനജനം ബഹുമാനിതർക്കെതിരേയും എഴുന്നേൽക്കും.

[6] ഒരു മനുഷ്യൻ തന്റെ പിതൃഭവനത്തിലുള്ള ഒരു സഹോദരനെ പിടിച്ച്, “നിനക്കൊരു മേലങ്കിയുണ്ടല്ലോ, നീ ഞങ്ങൾക്ക് അധിപതിയായിരിക്കുക; ഈ നാശനഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ഭരണം ഏറ്റെടുത്താലും!” എന്നു പറയും.

[7] എന്നാൽ അന്ന്, “എന്റെപക്കൽ യാതൊരു പ്രതിവിധിയുമില്ല, എന്റെ ഭവനത്തിൽ ഭക്ഷണമോ വസ്ത്രമോ ഇല്ല, എന്നെ നിങ്ങൾ ജനത്തിന് അധിപതിയായി നിയമിക്കരുത്” എന്നിങ്ങനെ അയാൾ നിലവിളിക്കും.

[8] ജെറുശലേം വേച്ചുനടക്കുന്നു, യെഹൂദാ വീഴുന്നു; കാരണം, അവരുടെ വാക്കുകളും പ്രവൃത്തികളും യഹോവയുടെ തേജോമയനയനങ്ങൾക്ക് എതിരായിരിക്കുന്നു.

[9] അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു; അവർ തങ്ങളുടെ പാപം സൊദോമിനെപ്പോലെ പ്രദർശിപ്പിക്കുന്നു; അതു മറച്ചുവെക്കുന്നില്ലതാനും. അവർ തങ്ങൾക്കുതന്നെ ദോഷം വരുത്തിയിരിക്കുകയാൽ, അവർക്ക് അയ്യോ കഷ്ടം!

[10] നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക; കാരണം അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.

[11] ദുഷ്ടർക്ക് അയ്യോ കഷ്ടം! വിനാശം അവരുടെമേൽ വന്നുഭവിക്കും! അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അനുസൃതമായ പ്രതിഫലം അവർക്കു ലഭിക്കും.

[12] യുവാക്കൾ എന്റെ ജനത്തെ പീഡിപ്പിക്കുന്നു, സ്ത്രീകൾ അവരെ ഭരിക്കുന്നു. എന്റെ ജനമേ, നിങ്ങളെ നയിക്കുന്നവർതന്നെ നിങ്ങളെ വഴിതെറ്റിക്കുന്നു; അവർ നിങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നു.

[13] യഹോവ കോടതിയിൽ ന്യായാധിപസ്ഥാനം ഏറ്റെടുത്തിരിക്കുന്നു; അവിടന്ന് ജനത്തെ ന്യായംവിധിക്കാൻ എഴുന്നേൽക്കുന്നു.

[14] തന്റെ ജനത്തിന്റെ നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും എതിരായി യഹോവ ന്യായവിധി പുറപ്പെടുവിക്കുന്നു: “നിങ്ങളാണ് എന്റെ മുന്തിരിത്തോപ്പ് നശിപ്പിച്ചുകളഞ്ഞവർ; ദരിദ്രരിൽനിന്നു കവർച്ചചെയ്തതു, നിങ്ങളുടെ ഭവനങ്ങളിലുണ്ട്.

[15] എന്റെ ജനത്തെ തകർക്കുന്നതിലൂടെയും ദരിദ്രരെ പീഡിപ്പിക്കുന്നതിലൂടെയും നിങ്ങൾ എന്താണ് അർഥമാക്കുന്നത്?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

[16] യഹോവ പിന്നെയും അരുളിച്ചെയ്തത്: “സീയോൻ പുത്രിമാർ അഹങ്കാരികളായിരിക്കുന്നു, അവർ തലയുയർത്തി നടക്കുന്നു, കണ്ണുകൾകൊണ്ട് ശൃംഗരിക്കുന്നു, അഹങ്കാരത്തോടെ നിതംബം കുലുക്കി നടക്കുന്നു, കാൽച്ചിലമ്പൊച്ച കേൾപ്പിക്കുകയും ചെയ്യുന്നു.

[17] അതിനാൽ കർത്താവ് സീയോൻപുത്രിമാരുടെ നെറ്റിയിൽ ചൊറി പിടിപ്പിക്കും; യഹോവ അവരുടെ തലയോട്ടി കഷണ്ടിയാക്കും.”

[18] ആ ദിവസത്തിൽ കർത്താവ് അവരുടെ പാദസരം, നെറ്റിപ്പട്ടം, ചന്ദ്രക്കല,

[19] കാതില, കടകം, കവിണി,

[20] തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്,

[21] മുദ്രമോതിരം, മൂക്കുത്തി,

[22] മാർദവവസ്ത്രം, ഷാൾ, പുറങ്കുപ്പായം, ചെറുസഞ്ചി,

[23] ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും.

[24] അന്ന് പരിമളത്തിനുപകരം ദുർഗന്ധവും, അരക്കച്ചയ്ക്കുപകരം കയറും; കേശസൗന്ദര്യത്തിനുപകരം കഷണ്ടിയും ഉടയാടയ്ക്കു പകരം ചാക്കുശീലയും; സൗന്ദര്യത്തിനു പകരം കരുവാളിപ്പും ഉണ്ടാകും.

[25] നിന്റെ പുരുഷന്മാർ വാളിനാൽ വീഴും; നിന്റെ യോദ്ധാക്കൾ യുദ്ധത്തിൽ കൊല്ലപ്പെടും.

[26] സീയോന്റെ കവാടങ്ങൾ വിലപിച്ചു ദുഃഖിക്കും; ഉപേക്ഷിക്കപ്പെട്ടവളായി അവൾ നിലത്ത് ഇരിക്കും.

യെശയ്യാവിന്റെ പ്രവചനം — Chapters