[1] ഇതാ, യഹോവ ഭൂമിയെ ശൂന്യവും ജനവാസമില്ലാത്തതുമാക്കും; അതിനെ കീഴ്മേൽ മറിക്കുകയും അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.
[2] അത് ഒരുപോലെ, ജനങ്ങൾക്കെന്നപോലെ പുരോഹിതനും ദാസന്മാർക്കെന്നപോലെ യജമാനനും ദാസിക്കെന്നപോലെ യജമാനത്തിക്കും വാങ്ങുന്നവർക്കെന്നപോലെ കൊടുക്കുന്നവർക്കും കടം കൊടുക്കുന്നവർക്കെന്നപോലെ കടം വാങ്ങുന്നവർക്കും പലിശ വാങ്ങുന്നവർക്കെന്നപോലെ പലിശ കൊടുക്കുന്നവർക്കും സംഭവിക്കും.
[3] ഭൂമി ഒന്നാകെ ശൂന്യമായും അതുമുഴുവനും കവർച്ചയായും പോകും. യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.
[4] ഭൂമി ഉണങ്ങി വാടിപ്പോകുന്നു, ലോകം തളർന്നു വാടിപ്പോകുന്നു, ഭൂമിയിലെ കുലീനരും തളർന്നുപോകുന്നു.
[5] ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു; അവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും നിയമവ്യവസ്ഥകൾ ലംഘിക്കുകയും നിത്യ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു.
[6] തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി; അതിലെ ജനം അവരുടെ കുറ്റം വഹിക്കേണ്ടിവരുന്നു. അതുനിമിത്തം ഭൂവാസികൾ ദഹിച്ചുപോകുന്നു, ചുരുക്കംപേർമാത്രം ശേഷിക്കുന്നു.
[7] പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു; സന്തുഷ്ടഹൃദയമുള്ളവർ നെടുവീർപ്പിടുന്നു.
[8] തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം നിന്നുപോകുന്നു, വീണയുടെ ആനന്ദം ഇല്ലാതെയാകുന്നു.
[9] അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല; മദ്യം കുടിക്കുന്നവർക്ക് അതു കയ്പായിത്തീരുന്നു.
[10] നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു; ആരും പ്രവേശിക്കാതവണ്ണം എല്ലാ വീടും അടയ്ക്കപ്പെട്ടിരിക്കുന്നു.
[11] തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു. ആഹ്ലാദമെല്ലാം ഇരുണ്ടുപോയിരിക്കുന്നു, ഭൂമിയിൽനിന്ന് ആനന്ദത്തിന്റെ എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.
[12] നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു, നഗരകവാടം ഇടിച്ചുതകർത്തുകളഞ്ഞു.
[13] ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ മുന്തിരിപ്പഴം ശേഖരിച്ചശേഷം കാലാപെറുക്കുന്നതുപോലെയോ ആയിരിക്കും ഭൂമിയിൽ രാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നത്.
[14] അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു; യഹോവയുടെ മഹത്ത്വത്തെപ്പറ്റി അവർ സമുദ്രത്തിൽനിന്ന് വിളിച്ചുപറയുന്നു.
[15] അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക; സമുദ്രതീരങ്ങളിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമം ഉയർത്തുക.
[16] “നീതിമാനായവനു മഹത്ത്വം,” എന്ന ഗാനം ഭൂമിയുടെ അറുതികളിൽനിന്ന് നാം കേൾക്കുന്നു. എന്നാൽ ഞാൻ പറഞ്ഞു, “ഞാൻ ക്ഷയിച്ചുപോകുന്നു, ഞാൻ ക്ഷയിച്ചുപോകുന്നു! എനിക്ക് അയ്യോ കഷ്ടം! വഞ്ചകർ ഒറ്റുകൊടുക്കുന്നു. അതേ, വഞ്ചകർ വഞ്ചനയോടെ ഒറ്റുകൊടുക്കുന്നു.”
[17] അല്ലയോ ഭൂവാസികളേ, ഭീതിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു.
[18] ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ കുഴിയിൽ വീഴും; കുഴിയിൽനിന്ന് കയറുന്നവർ കെണിയിൽ അകപ്പെടും. ആകാശത്തിലെ ജാലകങ്ങൾ തുറന്നിരിക്കുന്നു, ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
[19] ഭൂമി ചെറിയകഷണങ്ങളായി തകരുന്നു, ഭൂമി പൊട്ടിപ്പിളരുന്നു, ഭൂമി അതിതീവ്രമായി കുലുങ്ങുന്നു.
[20] ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു, അത് കാറ്റിൽ ഒരു കുടിൽപോലെ ഇളകിയാടുന്നു; അതിന്റെ അതിക്രമം അതിന്മേൽ അതിഭാരമായിരിക്കുന്നു, അതു വീണുപോകും—ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല.
[21] അന്നാളിൽ യഹോവ ഉയരത്തിൽ ആകാശത്തിലെ സൈന്യത്തെയും താഴേ ഭൂമിയിലെ രാജാക്കന്മാരെയും ശിക്ഷിക്കും.
[22] കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ അവർ ഒരുമിച്ചുകൂട്ടപ്പെടും; അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും അനേകം ദിവസങ്ങൾക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യും.
[23] അന്നു ചന്ദ്രൻ വിളറിപ്പോകും; സൂര്യൻ ലജ്ജിക്കും; സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും ജെറുശലേമിലും വാഴും. തന്റെ ജനത്തിന്റെ നേതാക്കന്മാരുടെമുമ്പിൽ സകലപ്രതാപത്തോടുംകൂടെത്തന്നെ.