Skip to content
Opens in a new window

[1] ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും വിധവകളെ അവരുടെ ഇരയാക്കുന്നതിനും അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം!

[3] ശിക്ഷാവിധിയുടെ ദിവസത്തിൽ, ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും? സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും? നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും?

[4] ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വീഴുകയോ അല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുകയില്ല. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.

[5] “എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം! എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്.

[6] അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു, എന്റെ കോപത്തിനിരയായ ജനത്തിന് എതിരേതന്നെ, കൊള്ളയിടുന്നതിനും കവർച്ചചെയ്യുന്നതിനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിമെതിക്കുന്നതിനുംതന്നെ.

[7] എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല, അവന്റെ മനസ്സിലുള്ളതും അതല്ല; അവന്റെ ലക്ഷ്യം നശീകരണമാണ്, അനേകം ജനതകളെ ഛേദിച്ചുകളയുന്നതത്രേ അവന്റെ താത്പര്യം.

[8] അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ?

[9] കൽനെ കർക്കെമീശുപോലെയല്ലേ? ഹമാത്ത് അർപ്പാദുപോലെയും, ശമര്യ ദമസ്കോസ്പോലെയും അല്ലേ?

[10] എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു, ജെറുശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വലിയ വിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങൾത്തന്നെ—

[11] ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജെറുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?’ ”

[12] സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും.

[13] അവൻ പറയുന്നു: “ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്; എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു. ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു; ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി.

[14] പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ, എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു; ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ, ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു; ചിറകടിക്കുന്നതിനോ വായ് തുറന്നു ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ”

[15] വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ? വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്.

[16] അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.

[17] ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും; അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.

[18] അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം പരിപൂർണമായും നശിപ്പിക്കും, അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയായിരിക്കും.

[19] അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.

[20] ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിൽ രക്ഷപ്പെട്ടവരും തങ്ങളെ പ്രഹരിച്ചവനിൽ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയിൽ ആത്മാർഥതയോടെ ആശ്രയിക്കും.

[21] ഒരു ശേഷിപ്പു മടങ്ങിവരും, യാക്കോബിന്റെ ശേഷിപ്പുതന്നെ, ശക്തനായ ദൈവത്തിലേക്കുതന്നെ മടങ്ങിവരും.

[22] ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അതിൽ ഒരു ശേഷിപ്പുമാത്രമേ മടങ്ങിവരുകയുള്ളൂ. നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

[23] കർത്താവ്, സൈന്യങ്ങളുടെ യഹോവ, ഉത്തരവിറക്കിയതുപോലെ സർവഭൂമിയിലും നാശംവരുത്തും.

[24] അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ, ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട.

[25] വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും എന്റെ ക്രോധം അവരുടെ നാശത്തിനായി തിരിച്ചു വിടുകയും ചെയ്യും.”

[26] സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും; ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും.

[27] അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും നിന്റെ കഴുത്തിലുള്ള അവരുടെ നുകംതന്നെ; നിന്റെ പുഷ്ടി നിമിത്തം ആ നുകം തകർക്കപ്പെടും.

[28] അവർ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നുപോയി; മിക്-മാസിൽ തങ്ങളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു.

[29] അവർ ചുരം കടന്നു, “ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കും” എന്നു പറയുന്നു. രാമാ വിറയ്ക്കുന്നു; ശൗലിന്റെ ഗിബെയാ ഓടി മറയുന്നു.

[30] ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക! ലയേശേ, ശ്രദ്ധിക്കുക! പീഡിതയായ അനാഥോത്തേ!

[31] മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു. ഗബീം നിവാസികൾ രക്ഷതേടി അലയുന്നു.

[32] ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും; സീയോൻപുത്രിയുടെ മലയുടെനേരേ, ജെറുശലേം കുന്നിന്റെനേരേ അവർ മുഷ്ടി ചുരുട്ടും.

[33] നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ് വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും, ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.

[34] അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീഴും.

യെശയ്യാവിന്റെ പ്രവചനം — Chapters