Skip to content
Opens in a new window

[1] എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം! വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്, മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.

[2] ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.

[3] എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.

[4] വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം, വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും— ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച് അവർ അതു വിഴുങ്ങുന്നു!

[5] ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ശോഭയുള്ള ഒരു കിരീടവും മഹത്ത്വകരമായ മകുടവുമായിരിക്കും.

[6] ന്യായാസനത്തിലിരിക്കുന്നവർക്ക് അവിടന്ന് നീതിബോധത്തിന്റെ ആത്മാവും നഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക് കരുത്തും ആയിരിക്കും.

[7] എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു: പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു, അവർ വീഞ്ഞിനാൽ മത്തരും മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ. ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു, വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.

[8] മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു, വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.

[9] “അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്? ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്? ഇപ്പോൾ മുലകുടി മാറിയവരെയോ? ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ?

[10] കാരണം അവർ പറയുന്നു: കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.”

[11] അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും ദൈവം ഈ ജനത്തോടു സംസാരിക്കും.

[12] “ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും “ഇതാണ് ആശ്വാസസ്ഥാനം,” എന്നും അവിടന്ന് അവരോടു പറഞ്ഞു. എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു.

[13] അതിനാൽ അവരോടുള്ള യഹോവയുടെ വചനം: “കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ.

[14] അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക.

[15] “മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു, പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു. കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല, കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു, വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു.

[16] അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ, ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവർ പരിഭ്രാന്തരാകുകയില്ല.

[17] ഞാൻ ന്യായത്തെ അളവുനൂലും നീതിയെ തൂക്കുകട്ടയുമാക്കും; അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും, വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും.

[18] മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും; പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല. അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ, നിങ്ങൾ തകർന്നുപോകും.

[19] അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും; പ്രഭാതംതോറും, രാത്രിയും പകലും അതു നിങ്ങളെ കടന്നുപോകും.” അതിനെക്കുറിച്ചുള്ള കേൾവിതന്നെ നിങ്ങൾക്കു സംഭ്രമമുണ്ടാക്കും.

[20] കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും.

[21] യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും.

[22] ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും; കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ് സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.

[23] ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക.

[24] കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ? അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ?

[25] അവർ ഉപരിതലം നിരപ്പാക്കി കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് അതിന്റെ നിരയിലും യവം അതിന്റെ സ്ഥാനത്തും ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്?

[26] അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

[27] കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല, ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല; കരിംജീരകം കമ്പുകൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്.

[28] അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്; അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല. മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ.

[29] ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു, അവിടന്ന് തന്റെ ആലോചന അത്ഭുതകരവും ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു.

യെശയ്യാവിന്റെ പ്രവചനം — Chapters