[1] “‘ഒരുവന്റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
[2] തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
[3] അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും
[4] അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
[5] അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അത് ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
[6] “‘യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കണം.
[7] ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
[8] തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
[9] അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
[10] വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
[11] പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു ദഹനയാഗഭോജനം.
[12] “‘അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
[13] അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
[14] അതിൽനിന്ന് കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും വൃക്ക രണ്ടും
[15] അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കണം.
[16] പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.
[17] മേദസ്സും രക്തവും തിന്നരുത് എന്നുള്ളത് നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം’”.