Skip to content
Opens in a new window
Listen to this chapter • 7:16

[1] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

[2] “നീ യിസ്രായേൽ മക്കളോടു പറയേണ്ടത്: ‘എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:

[3] ആറ് ദിവസം ജോലി ചെയ്യണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.

[4] “‘അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു:

[5] ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ.

[6] ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.

[7] ഒന്നാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.

[8] നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്ന് പതിവുള്ളജോലി യാതൊന്നും ചെയ്യരുത്’”.

[9] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

[10] “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.

[11] നിങ്ങൾക്ക് പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. ശബ്ബത്തിന്റെ പിറ്റെ ദിവസം പുരോഹിതൻ അത് നീരാജനം ചെയ്യണം.

[12] കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കണം.

[13] അതിന്റെ ഭോജനയാഗം എണ്ണചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കണം.

[14] നിങ്ങളുടെ ദൈവത്തിനു വഴിപാട് കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

[15] “‘ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം.

[16] ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പത് ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അർപ്പിക്കണം.

[17] നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്ക് ആദ്യവിളവ്.

[18] അപ്പത്തോടുകൂടി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അർപ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം.

[19] ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം.

[20] പുരോഹിതൻ അവയെ ആദ്യവിളവിന്റെ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടിയോടുംകൂടി യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം.

[21] അന്ന് തന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടണം; അന്ന് കഠിന ജോലി യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

[22] “‘നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അത് ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’”.

[23] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

[24] “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്ക് കാഹളധ്വനിയുടെ അനുസ്മരണവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കണം.

[25] അന്ന് കഠിന ജോലി യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം’”.

[26] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

[27] “ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്ന് നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; നിങ്ങൾ ആത്മതപനം ചെയ്യുകയും യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും വേണം.

[28] അന്ന് നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്; അത് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം.

[29] അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

[30] അന്ന് ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് നശിപ്പിക്കും.

[31] യാതൊരു ജോലിയും ചെയ്യരുത്; ഇതു നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

[32] അത് നിങ്ങൾക്ക് സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്ന് നിങ്ങൾ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കണം”.

[33] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

[34] “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുന്നാൾ ആകുന്നു.

[35] ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകണം; അന്ന് കഠിന ജോലി യാതൊന്നും ചെയ്യരുത്.

[36] ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കണം; എട്ടാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കണം; അന്ന് പരിശുദ്ധമായ സമാപന സഭായോഗം; കഠിന ജോലി യാതൊന്നും ചെയ്യരുത്.

[37] “‘യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ

[38] അതത് ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അർപ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങൾ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവ തന്നെ.

[39] “‘ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.

[40] ആദ്യ ദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈന്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കണം.

[41] വർഷംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കണം; ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള നിയമം; ഏഴാം മാസത്തിൽ അത് ആചരിക്കണം.

[42] ഞാൻ യിസ്രായേൽ മക്കളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ

[43] അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയുവാൻ നിങ്ങൾ ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം; യിസ്രായേലിലെ സ്വദേശികൾ ഒക്കെയും കൂടാരങ്ങളിൽ പാർക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു’”.

[44] അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽ മക്കളോട് അറിയിച്ചു.

ലേവ്യപുസ്തകം — Chapters