Skip to content
Opens in a new window
Listen to this chapter • 4:12

[1] അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗ്ഗവും ഇട്ടു, അങ്ങനെ യഹോവ തങ്ങളോട് കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു.

[2] ഉടനെ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

[3] അപ്പോൾ മോശെ അഹരോനോട്: “യഹോവ അരുളിച്ചെയ്തത് ഇതുതന്നെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവ്വജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്വപ്പെടും” എന്ന് പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.

[4] പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ച് അവരോട്: “നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്ത് കൊണ്ടുപോകുവിൻ” എന്നു പറഞ്ഞു.

[5] മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടി പാളയത്തിനു പുറത്തു കൊണ്ടുപോയി.

[6] പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിക്കുവാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.

[7] നിങ്ങളോ മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.

[8] യഹോവ അഹരോനോട് അരുളിച്ചെയ്തത്:

[9] “നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം.

[10] ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വേർതിരിക്കേണ്ടതിനും

[11] യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ”.

[12] അഹരോനോടും അവന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: “യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിച്ച ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽവച്ചു പുളിപ്പില്ലാത്തതായി ഭക്ഷിക്കുവിൻ; അത് അതിവിശുദ്ധം.

[13] അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കണം; യഹോവയുടെ ദഹനയാഗങ്ങളിൽ അത് നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോട് കല്പിച്ചിരിക്കുന്നു.

[14] നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും ശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ചു തിന്നണം; യിസ്രായേൽ മക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.

[15] മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടുവരണം; അത് യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഉള്ളതായിരിക്കണം”.

[16] പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താത്പര്യമായി അന്വേഷിച്ചു; എന്നാൽ അത് ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:

[17] “പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളയുവാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കുവാനും നിങ്ങൾക്ക് തന്നതും ആയിരിക്കെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?

[18] അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞു.

[19] അപ്പോൾ അഹരോൻ മോശെയോട്: “ഇന്ന് അവർ അവരുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്ന് ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അത് യഹോവയ്ക്കു പ്രസാദമായിരിക്കുമോ?” എന്നു പറഞ്ഞു.

[20] ഇതു കേട്ടപ്പോൾ മോശെ സംതൃപ്തനായി.

ലേവ്യപുസ്തകം — Chapters