[1] യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
[2] “നിങ്ങൾ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങൾക്ക് ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്
[3] മൃഗങ്ങളിൽ കുളമ്പ് പിളർന്നിരിക്കുന്നതും കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതിനെയെല്ലാം നിങ്ങൾക്ക് ഭക്ഷിക്കാം.
[4] എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളർന്നിരിക്കുന്നവയിലും നിങ്ങൾ ഭക്ഷിക്കരുതാത്ത മൃഗങ്ങൾ ഇവയാണ്: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നതല്ലാത്തതിനാൽ അത് നിങ്ങൾക്ക് അശുദ്ധം.
[5] കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പ് പിളർന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
[6] മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പ് പിര്‍ളന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
[7] പന്നി; കുളമ്പ് പിളർന്നതായി കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അത് നിങ്ങൾക്ക് അശുദ്ധം.
[8] ഇവയുടെ മാംസം നിങ്ങൾ ഭക്ഷിക്കരുത്; ഇവയുടെ ശവം തൊടുകയും അരുത്; ഇവ നിങ്ങൾക്ക് അശുദ്ധം.
[9] “‘വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങൾക്ക് ഭക്ഷിക്കാവുന്നവ ഇവയാണ്: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ എല്ലാം നിങ്ങൾക്ക് ഭക്ഷിക്കാം.
[10] എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലിക്കുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
[11] അവ നിങ്ങൾക്ക് അറപ്പായി തന്നെ ഇരിക്കണം. അവയുടെ മാംസം തിന്നരുത്; അവയുടെ ശവം നിങ്ങൾക്ക് അറപ്പായിരിക്കണം.
[12] ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
[13] “‘പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്,
[14] കടൽറാഞ്ചൻ, ഗൃദ്ധ്രം, അതത് വിധം പരുന്ത്,
[15] അതത് വിധം കാക്ക, ഒട്ടകപ്പക്ഷി,
[16] പുള്ള്, കടൽകാക്ക, അതത് വിധം പ്രാപ്പിടിയൻ,
[17] നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ,
[18] വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരുഞാറ,
[19] അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീർ എന്നിവയും
[20] ചിറകുള്ള ഇഴജാതിയിൽ നാലുകാലുകൊണ്ടു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
[21] എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാലു കൊണ്ട് നടക്കുന്ന എല്ലാ ജീവികളിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്ക് ഭക്ഷിക്കാം.
[22] ഇവയിൽ അതത് വിധം വെട്ടുക്കിളി, അതത് വിധം വിട്ടിൽ, അതത് വിധം ചീവീട്, അതത് വിധം തുള്ളൻ എന്നിവയെ നിങ്ങൾക്ക് ഭക്ഷിക്കാം.
[23] ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതികൾ എല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
[24] “‘അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
[25] അവയുടെ ശവം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
[26] കുളമ്പ് പിളർന്നതെങ്കിലും കുളമ്പ് രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗങ്ങളും നിങ്ങൾക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധൻ ആയിരിക്കണം.
[27] നാലുകാലുകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങൾക്ക് അശുദ്ധം; അവയുടെ ശവം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
[28] അവയുടെ ശവം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അവ നിങ്ങൾക്ക് അശുദ്ധം.
[29] “‘നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്:
[30] പെരിച്ചാഴി, എലി, അതത് വിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവൻ.
[31] എല്ലാ ഇഴജാതികളിലുംവച്ച് ഇവ നിങ്ങൾക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
[32] ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അത് മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടണം; അത് സന്ധ്യവരെ അശുദ്ധമായിരിക്കണം; പിന്നെ ശുദ്ധമാകും.
[33] അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളതെല്ലാം അശുദ്ധമാകും; നിങ്ങൾ അത് ഉടച്ചുകളയണം.
[34] തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും;
[35] അവയിൽ ഒന്നിന്റെ ശവം വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അത് തകർത്തുകളയണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്ക് അശുദ്ധം ആയിരിക്കണം.
[36] എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; ശവം തൊടുന്നവൻ അശുദ്ധനാകും.
[37] വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ ശവം വീണാലും അത് ശുദ്ധമായിരിക്കും.
[38] എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്റെ ശവം അതിന്മേൽ വീണാൽ അത് അശുദ്ധം.
[39] “‘നിങ്ങൾക്ക് ഭക്ഷിക്കാവുന്ന ഒരു മൃഗം ചത്താൽ അതിന്റെ ശവം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.
[40] അതിന്റെ ശവം ഭക്ഷിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; അതിന്റെ ശവം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം.
[41] “‘നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ ഭക്ഷിക്കരുത്.
[42] ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാലുകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ ഭക്ഷിക്കരുത്; അവ അറപ്പാകുന്നു.
[43] യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങൾ മലിനപ്പെടുംവിധം നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്.
[44] ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധരായിരിക്കണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.
[45] ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം.
[46] “‘ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷിക്കാവുന്ന മൃഗത്തെയും ഭക്ഷിക്കരുതാത്ത മൃഗത്തെയും തമ്മിലും
[47] വേർതിരിക്കേണ്ടതിന് ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലിക്കുന്ന സകലജന്തുക്കളെയും നിലത്ത് ഇഴയുന്ന സകലജീവികളെയും പറ്റിയുള്ള പ്രമാണം ആകുന്നു’”.