[1] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: ‘പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്.
[2] എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,
[3] തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം.
[4] പുരോഹിതൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കുകയാൽ തന്നെത്താൻ വിവാഹത്തിലുടെ മലിനമാക്കി അശുദ്ധനാക്കരുത്.
[5] പുരോഹിതന്മാർ തലമുടി വടിക്കുകയും താടിയുടെ അറ്റം കത്രിക്കുകയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;
[6] തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കണം.
[7] വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.
[8] അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കണം; അവൻ നിനക്ക് വിശുദ്ധനായിരിക്കണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
[9] പുരോഹിതന്റെ മകൾ ദുർന്നടപ്പ് ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയണം.
[10] “‘അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിക്കുവാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
[11] അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലും അമ്മയാലും അശുദ്ധനാകുകയും അരുത്.
[12] വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ കിരീടം അവന്റെമേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
[13] കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ.
[14] വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
[15] അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
[16] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ:
[17] ‘നിന്റെ സന്തതിപരമ്പരയിൽ അംഗഹീനനായവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
[18] അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ,
[19] പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
[20] കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.
[21] പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുവനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുവാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
[22] തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.
[23] എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിന്റെ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
[24] മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.