[1] യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്:
[2] “നീ യിസ്രായേൽ മക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാട് കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാട് കൊണ്ടുവരണം.
[3] “‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് അർപ്പിക്കണം.
[4] അവൻ ഹോമയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്ക് സ്വീകാര്യമാകും.
[5] അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
[6] അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കണം.
[7] പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കണം.
[8] പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവക്കണം.
[9] അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
[10] “‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കണം.
[11] അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
[12] അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവക്കണം.
[13] കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
[14] “‘യഹോവയ്ക്ക് അവന്റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കണം.
[15] പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്ത് പിഴിഞ്ഞുകളയണം.
[16] അതിന്റെ ആമാശയം അകത്തുചെന്ന ഭക്ഷണത്തോടുക്കൂടി പറിച്ചെടുത്ത് യാഗപീഠത്തിന്റെ അരികിൽ കിഴക്കുവശത്തു ചാരമിടുന്ന സ്ഥലത്ത് ഇടണം.
[17] അതിനെ രണ്ടാക്കാതെ ചിറകോടുകൂടി പിളർക്കണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കണം; അത് ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.