Skip to content
Opens in a new window
Listen to this chapter • 6:53

[1] അഹരോന്റെ രണ്ടു പുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ട് മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

[2] “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്റെ മുമ്പിൽ എല്ലാസമയത്തും വരരുത് എന്ന് അവനോട് പറയണം.

[3] പാപയാഗത്തിന് ഒരു കാളക്കിടാവിന്റെ രക്തത്തോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റന്റെ രക്തത്തോടുംകൂടി അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കണം.

[4] അവൻ പഞ്ഞിനൂൽ കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽ കൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽ കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽ കൊണ്ടുള്ള മുടിയും വെക്കണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അവ ധരിക്കണം.

[5] അവൻ യിസ്രായേൽ മക്കളുടെ സഭയുടെ പക്കൽനിന്ന് പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങണം.

[6] തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.

[7] അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തണം.

[8] പിന്നെ അഹരോൻ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസ്സേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടണം.

[9] യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കണം.

[10] അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസ്സേലിനു മരുഭൂമിയിലേക്ക് വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തണം.

[11] പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കണം.

[12] അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരണം.

[13] താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറയ്ക്കുവാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടണം.

[14] അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ട് കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ട് കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കണം.

[15] പിന്നെ അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്ത് രക്തം കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കണം.

[16] യിസ്രായേൽ മക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവൻ അങ്ങനെ തന്നെ ചെയ്യണം.

[17] അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ട് പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവ്വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.

[18] പിന്നെ അഹരോൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനുവേണ്ടിയും പ്രായശ്ചിത്തം കഴിക്കണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശെ എടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം.

[19] അവൻ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം യാഗപീഠത്തിന്മേൽ തളിച്ച് യിസ്രായേൽ മക്കളുടെ അശുദ്ധികൾ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കണം.

[20] അവൻ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരണം.

[21] ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വച്ച് യിസ്രായേൽ മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കണം.

[22] കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങൾ സർവ്വവും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടണം.

[23] പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വച്ചേക്കണം.

[24] അവൻ ഒരു വിശുദ്ധസ്ഥലത്തുവച്ചു വെള്ളംകൊണ്ട് ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്ന് തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.

[25] അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.

[26] ആട്ടുകൊറ്റനെ അസസ്സേലിന് കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം പാളയത്തിൽ വരുന്നത്.

[27] വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തു കൊണ്ടുപോകണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയണം.

[28] അവയെ ചുട്ടുകളഞ്ഞവൻ പാളയത്തിൽ വരുന്നത് വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയതിനുശേഷം വേണം.

[29] “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ഏഴാം മാസം പത്താം തീയതി നിങ്ങൾ ആത്മതപനം ചെയ്യണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരുവേലയും ചെയ്യരുത്.

[30] ആ ദിവസത്തിൽ ആണല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുകയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നത്.

[31] അത് നിങ്ങൾക്ക് വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. നിങ്ങൾ ആത്മതപനം ചെയ്യണം; അത് നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടമാകുന്നു.

[32] അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്യുവാൻ അഭിഷിക്തനാകുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻതന്നെ പ്രായശ്ചിത്തം കഴിക്കണം.

[33] അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.

[34] വർഷത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടു പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം;” യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.

ലേവ്യപുസ്തകം — Chapters