Skip to content
Opens in a new window
Listen to this chapter • 3:36

[1] എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്‍ക്കുകയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.

[2] ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണനിഴലിന്റെ ദേശത്തു വസിച്ചവരുടെ മേൽ പ്രകാശം ശോഭിച്ചു.

[3] അവിടുന്ന് ജനതയെ പെരുക്കുന്നു; അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.

[4] അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.

[5] ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപുരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.

[6] നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേര് വിളിക്കപ്പെടും.

[7] അവന്റെ ആധിപത്യത്തിന്റെ വർദ്ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടി സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.

[8] കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.

[9] “ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും”

[10] എന്നിങ്ങനെ അഹങ്കാരത്തോടും ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമെല്ലാം അത് അറിയും.

[11] അതുകൊണ്ട് യഹോവ രെസീന്റെ വൈരികളെ അവന്റെനേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.

[12] അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

[13] എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.

[14] അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.

[15] മൂപ്പനും മാന്യപുരുഷനും തന്നെ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ.

[16] ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.

[17] അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാ വായും ബുദ്ധികേട്‌ സംസാരിക്കുന്നു. ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

[18] ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുയരുന്നു.

[19] സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീയ്ക്ക് ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.

[20] ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; ഓരോരുത്തൻ അവനവന്റെ കുഞ്ഞുങ്ങളുടെ മാംസം തിന്നുകളയുന്നു.

[21] മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

യെശയ്യാവ് — Chapters