[1] നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.
[2] അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരെല്ലാം അവനവന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
[3] “ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ട് അടുത്തുവരുവിൻ.
[4] നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെനേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
[5] നിങ്ങൾ കരുവേലകങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും വികാരാവേശത്താൽ ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
[6] തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതുതന്നെ നിന്റെ ഓഹരി; അതിനല്ലയോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ?
[7] പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു.
[8] കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്റെ അടയാളം വച്ചു, നീ എന്നെവിട്ടു ചെന്നു മറ്റുള്ളവർക്ക് നിന്നെത്തന്നെ നഗ്നയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ കിടക്ക കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.
[9] നീ തൈലവുംകൊണ്ടു മോലേക്ക് എന്ന് പേരുള്ള വിഗ്രഹത്തിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.
[10] വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും ‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട് നിനക്ക് ക്ഷീണം തോന്നിയില്ല.
[11] കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?
[12] നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്ക് പ്രയോജനമാകുകയില്ല.
[13] നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ മുഴുവനും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും”.
[14] “നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
[15] ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടിയും വസിക്കുന്നു.
[16] ഞാൻ എന്നേക്കും വാദിക്കുകയില്ല; എല്ലായ്പോഴും കോപിക്കുകയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.
[17] അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യം നിമിത്തം ഞാൻ കോപിച്ച് അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറച്ചു; എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു.
[18] ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ, വീണ്ടും ആശ്വാസം വരുത്തും.
[19] ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം” എന്നും “ഞാൻ അവരെ സൗഖ്യമാക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു.
[20] ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
[21] “ദുഷ്ടന്മാർക്കു സമാധാനമില്ല” എന്ന് എന്റെ ദൈവം അരുളിച്ചെയ്യുന്നു.