Skip to content
Opens in a new window
Listen to this chapter • 3:29

[1] ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആര്? “നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ”.

[2] നിന്റെ ഉടുപ്പ് ചുവന്നിരിക്കുന്നതെന്ത്? നിന്റെ വസ്ത്രം മുന്തിരിച്ചക്ക് ചവിട്ടുന്നവന്റേതുപോലെ ആയിരിക്കുന്നതെന്ത്?

[3] “ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു.

[4] ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.

[5] ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എന്റെ ഭുജം തന്നെ എനിക്ക് രക്ഷവരുത്തി; എന്റെ ക്രോധം തന്നെ എനിക്ക് തുണനിന്ന്.

[6] ഞാൻ എന്റെ കോപത്തിൽ ജനതകളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മത്തുപിടിപ്പിച്ചു, അവരുടെ രക്തം ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു”.

[7] യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.

[8] “അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” എന്നു പറഞ്ഞ് അവിടുന്ന് അവർക്ക് രക്ഷിതാവായിത്തീർന്നു.

[9] അവരുടെ കഷ്ടതയിൽ എല്ലാം അവിടുന്ന് കഷ്ടപ്പെട്ടു; അവിടുത്തെ സന്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവിടുന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലത്തെല്ലാം അവിടുന്ന് അവരെ ചുമന്നുകൊണ്ടു നടന്നു.

[10] എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ട് അവൻ അവർക്ക് ശത്രുവായിത്തീർന്നു താൻതന്നെ അവരോടു യുദ്ധംചെയ്തു.

[11] അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓർത്തു പറഞ്ഞത്: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടി സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?

[12] തന്റെ മഹത്ത്വമുള്ള ഭുജംകൊണ്ട് മോശെയുടെ വലംകൈയാൽ അവരെ നടത്തിയവൻ തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിനു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കുകയും

[13] അവർ ഇടറാത്തവിധം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ?

[14] താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവരെ വിശ്രമിക്കുമാറാക്കി; അങ്ങനെ നീ നിനക്ക് മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കേണ്ടതിനു നിന്റെ ജനത്തെ നടത്തി.

[15] സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോട് കാണിക്കാത്തവിധം നീ അടക്കിവച്ചിരിക്കുന്നു.

[16] നീയല്ലയോ ഞങ്ങളുടെ പിതാവ്; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേൽ ഞങ്ങളെ തിരിച്ചറിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.

[17] യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ.

[18] നിന്റെ വിശുദ്ധജനത്തിനു അല്പകാലത്തേക്ക് മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു.

[19] ഞങ്ങൾ ഇതാ, നീ ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു.

യെശയ്യാവ് — Chapters